മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) വരുമാനത്തിൽ റിക്കാർഡ് വർധന. 2023-24 സാന്പത്തിക വർഷം 9,741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയിൽ അധികവും (59%) നേടിയത് ഐപിഎല്ലിൽനിന്ന്്. 5,761 കോടി രൂപയാണ് ഐപിഎല്ലിൽനിന്നുമാത്രം ബിസിസിഐ സന്പാദിച്ചത്. ഇതിന് പുറമെ ഐപിഎൽ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണാവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ഐപിഎല്ലിൽനിന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്.
ആകെ വരുമാനത്തിൽ വനിതാ ഐപിഎല്ലിൽനിന്ന് 378 കോടി രൂപയും ഐസിസി വിഹിതമായി 1042 കോടി രൂപയും ടിക്കറ്റ്, പരസ്യവരുമാനങ്ങളിൽ നിന്ന് 361 കോടി രൂപയും 2023-24 സാന്പത്തിക വർഷം ബിസിസിഐ നേടി. 2021-22 സാന്പത്തിക വർഷം ബിസിസിഐയുടെ ആകെ വരുമാനം 4,360 കോടി രൂപയായിരുത് 2022-23ൽ 6,820 കോടിയായി ഉയർന്നു. ഇതാണ് 2023-24 സാന്പത്തിക വർഷത്തിൽ 9741.7 കോടിയായി ഉയർന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം ആകെ ഉണ്ടായ വരുമാന വർധനവ് 5,000 കോടിക്ക് അടുത്താണ്.
അതേസമയം ബിസിസിഐക്ക് ആകെ 30,000 കോടി രൂപയുടെ കരുതൽ ധനമുണ്ടെന്നും ഇതിന്റെ പലിശയിനത്തിൽ മാത്രം പ്രതിവർഷം ആയിരം കോടി രൂപയാണ് സ്വന്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐപിഎൽ പണക്കൊഴുപ്പ്
ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ബോർഡ് എന്ന ബിസിസിഐയുടെ പ്രശസ്തിക്ക് സമീപകാലത്ത് ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പായി. 2007ൽ ബിസിസിഐ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി20 ലീഗാണ്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക ലീഗെന്ന നേട്ടവും ഐപിഎൽ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ താരങ്ങൾക്കു പുറമേ പാക്കിസ്ഥാൻ ഒഴികെയുള്ള വിദേശ ടീമുകളിൽനിന്നും താരങ്ങൾ ഐപിഎലിന്റെ ഭാഗമാണ്. ക്രിക്കറ്റ് ബോർഡിന്റെ മാത്രമല്ല ഇന്ത്യൻ യുവതാരങ്ങളുടെ കരിയറിൽത്തന്നെ വൻ മാറ്റങ്ങൾക്ക് വഴിമരുന്നിട്ട ഐപിഎൽ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് സംപ്രേഷണാവകാശത്തിൽ നിന്നാണ്.
ഐപിഎല്ലിനെ പോലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സി.കെ. നായിഡു ട്രോഫി ടൂർണമെന്റുകളെല്ലാം വാണിജ്യവത്കരിച്ചാൽ ബിസിസിഐക്ക് വൻ അവസരമാണ് മുന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഐസിസിയുടെ ആകെ വരുമാനത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നതും ബിസിസിഐയാണ്.