എന്തുകൊണ്ട് ഇരട്ട മാസ്‌ക് ! വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇരട്ടമാസ്‌കിനാവുമോ; ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. വകഭേദം വന്ന വൈറസ് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

അതിവേഗത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഡബിള്‍ മാസ്‌കിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ആണ് ഇരട്ട മാസ്‌ക് എന്ന പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്.

മാസ്‌ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോര്‍ന്നുപോകുന്നത് തടയാനും, മാസ്‌കിന്റെ എണ്ണം കൂട്ടി ഫില്‍ട്രേഷന്‍ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാര്‍ശ ചെയ്തത്.

നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍, ഇരട്ട മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും.

ഇതുവഴി നിങ്ങളിലൂടെ മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളില്‍ നിന്ന് വരുന്ന വൈറസ് അടങ്ങിയ വായുവോ സ്രവമോ നിങ്ങളിലേക്കെത്തുന്നത് തടയാനും ഇതിലൂടെ കഴിയും.

ഡബിള്‍ മാസ്‌ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ മുഖത്തോട് പരമാവധി ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ ധരിക്കണം എന്നതാണ്.

മുഖത്തിന് ഫിറ്റ് അല്ലാതെ ധരിച്ചാല്‍ മാസ്‌ക്കിനും മുഖത്തിനും ഇടയില്‍ വിടവ് ഉണ്ടാവുകയും, ഇതിലൂടെ വായു അകത്തേക്കും പുറത്തേക്കുംപോകാന്‍ ഇടയാക്കും.

മാസ്‌കിന്റെ ശരിയായ ധാരണവും പ്രധാനമാണ്. തുണി മാസ്‌ക്കുകളുടെയും സര്‍ജിക്കല്‍ മാസ്‌കുകളുടെയും മുകളില്‍ മാസ്‌ക് ഫിറ്റര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.

സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുമ്പോള്‍ ചെവിയില്‍ കൊളുത്തുന്ന വള്ളിയുടെ അറ്റത്തെ ഭാഗം കുടുക്കിട്ട് മാസ്‌ക്കിന്റെ വശങ്ങള്‍ വലിച്ച് കെട്ടുക (Knotting and Tucking). കവിളിനോട്ചേര്‍ന്നിരിക്കുന്ന ഭാഗത്ത് വിടവ് വരാതിരിക്കാന്‍ ഇത് സഹായിക്കും.

ഇതിലൂടെ 77 ശതമാനം വൈറസിനെ തടയാനാകും. കെട്ടിടാത്ത (Unknotted) സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നതു വഴി 56.1 ശതമാനം അണുക്കളെയും, തുണിമാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വെറും 51.4 ശതമാനം അണുക്കളെയും മാത്രമാണ് തടയുന്നത്.

Related posts

Leave a Comment