കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ മദ്യവില്‍പ്പനയെക്കുറിച്ച് ദുഷ്പ്രചാരണം അഴിച്ചുവിട്ട് തല്‍പ്പരകക്ഷികള്‍ ! കണ്ണായ സ്ഥലങ്ങള്‍ ബിനാമിപേരില്‍ വാടകയ്‌ക്കെടുത്ത് യൂണിയന്‍ നേതാക്കള്‍; പുതിയ കളികള്‍ ഇങ്ങനെ…

കേരളത്തില്‍ ഒരു വെള്ളാനയായി കെഎസ്ആര്‍ടിസി മാറിയിട്ട് കാലം ഏറെക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ഇക്കാലയളവില്‍ പലരും ശ്രമിച്ചെങ്കിലും ഒരു കാരണവശാലും അത് അനുവദിക്കില്ലെന്ന നിലപാടാണ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ചത്.

യൂണിയന്‍ നേതാക്കളുടെ കടുംപിടുത്തവും അഴിമതിയും കൊണ്ട് പൊറുതി മുട്ടിയ ഈ സ്ഥാപനത്തെ ഏതുവിധേനയും കരകയറ്റാന്‍ പരിശ്രമിക്കുകയാണ് ഇപ്പോഴത്തെ എംഡി ബിജു പ്രഭാകര്‍.

യൂണിയന്‍ നേതാക്കളുടെ പാരവെപ്പാണ് മിക്കപ്പോഴും കോര്‍പ്പറേഷന്‍ നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നത്.

ഏറ്റവും ഒടുവില്‍ കെഎസ്ആര്‍ടിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് വിവാദമാക്കിയതിന് പിന്നിലും ചില നിഷിപ്ത താല്‍പര്യക്കാരുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ബസ് സ്റ്റാന്‍ഡുകളില്‍ മദ്യ വില്‍പ്പന നടത്തുന്നുവെന്ന രീതിയിലാണ് ചിലര്‍ പ്രചാരണം അഴിച്ചു വിട്ടത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിശാലമായ ബെവ്‌കോ ഷോറൂമുകള്‍ക്കായുള്ള അന്വേഷണം അധികൃതര്‍ തുടങ്ങിയത്.

ഈ ഘട്ടത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ കോര്‍പ്പറേഷന് കീഴിലുള്ള വിശാലമായ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇതിന് മന്ത്രി തലത്തിലും പിന്തുണ ലഭിച്ചു.

ആളുകള്‍ തിരക്കുകൂട്ടി ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി മാന്യമായി മദ്യം വാങ്ങാനുള്ള അവസരമാണ് ഇവിടെ ബെവ്കോ ഒരുക്കുക. മിനിമം 5000 ചതുരശ്ര അടി എങ്കിലും എടുക്കണമെന്നും ക്യൂ നില്‍ക്കാന്‍ അവസരം ഉണ്ടാക്കരുതമെന്നുമാണ് ബിജു പ്രഭാകര്‍ മുന്നോട്ടു വെച്ച പ്രധാന കാര്യം.

ഇതനുസരിച്ച് വിശാലമായ ബെവ്കോ ഔട്ട്ലറ്റുകള്‍ വരികയും ചെയ്യും. എന്നാല്‍ അപകടം മണത്ത ചില ബാര്‍ ഉടമകള്‍ ദുര്‍പ്രചാരണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ബസ് ഓടിക്കിട്ടുന്ന വരുമാനം കൊണ്ട് നിലവിലെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് അധികകാലം മുമ്പോട്ടു പോകാനാകില്ല. കെഎസ്ആര്‍ടിസിയ്ക്ക് വരുമാനം ലക്ഷ്യമിട്ട് കോടികള്‍ മുടക്കി പണിത കോംപ്ലക്‌സുകള്‍ ഉപയോഗശൂന്യമായിപ്പോവുന്ന കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്.

മിക്കയിടത്തും നാലും അഞ്ചും നിലകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന കോപ്ലക്‌സുകളില്‍ ഒട്ടുമിക്കതിലും ഗ്രൗണ്ട് ഫ്‌ളോറിലെ ഏതാനും കടമുറികള്‍ മാത്രമാണ് വാടകയ്ക്ക് പോയിട്ടുള്ളത്.

നിലവില്‍ ഉള്ള ഷോപ്പിങ് കോംപ്ലക്സുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പലപ്പോഴും കണ്ണായ ഭാഗങ്ങള്‍ ബിനാമികളെ വെച്ച് സ്വന്തമാക്കിയ ജീവനക്കാരും യൂണിയന്‍ പ്രവര്‍ത്തകരുമാണ് പാരയുമായി എത്തിയത്.

ഇവര്‍ ആരെങ്കിലും പുതിയ വാടകയ്ക്കായി എത്തിയാല്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെയാണ് സര്‍ക്കാറിന്റെ സ്ഥാപനങ്ങളെ ഷോപ്പിങ് കോംപ്ലക്സുകളില്‍ എത്തിച്ചു വരുമാനുണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്.

ഇതിന്റെ ആദ്യപടിയായിരുന്നു ബെവ്‌കോയുമായുള്ള സഹകരണം. എന്നാല്‍ ഇത് സ്ഥാപിത താല്‍പര്യക്കാര്‍ വളച്ചൊടിച്ച് ഒരു പരുവമാക്കിയതോടെ സംസ്ഥാനതലത്തില്‍ തന്നെ വിവാദമാവുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയും ചെയ്തു.ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പുതിയ ഷോപ്പുകള്‍ക്ക് നെട്ടോട്ടമോടുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ യാദൃച്ഛികമായാണ് കെഎസ്ആര്‍ടിസി. മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ മുന്നില്‍പ്പെട്ടത്.

ബസ് സര്‍വീസിനും യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോര്‍പ്പറേഷന്റെ നേട്ടം.

ബിവറേജസ് കോര്‍പ്പറേഷനു വേണമെങ്കില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്.

മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ അതിനു തുരങ്കം വയ്ക്കാന്‍ പലരും ശ്രമം തുടങ്ങിയിരുന്നു.

സ്ഥലപരിമിതിയുള്ള ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ പൂട്ടേണ്ടിവരും. ഇതിന്റെ ഗുണം ലഭിക്കുന്നതാവട്ടെ ബാറുടമകള്‍ക്കും.

നിലവില്‍ തങ്ങള്‍ ബിവറേജിന്റെ അതേ വിലയിലാണ് മദ്യം വില്‍ക്കുന്നതെന്ന് സ്ഥാപിക്കുന്ന ഫ്‌ളക്‌സുകള്‍ പല ബാറുകളുടെയും മുമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.

Related posts

Leave a Comment