തിരുവനന്തപുരം: ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലിയുള്ള വിവാദത്തില്‍ രജിസ്ട്രാര്‍ക്കെതിരേ രാജ്ഭവന് വിശദീകരണം തേടും. കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ രജിസ്ട്രാര്‍ തടസം സൃഷ്ടിച്ച സംഭവത്തിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോട് രാജ് ഭവന് വിശദീകരണം തേടുന്നത്.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ രജിസ്ട്രാര്‍ തടസം നിന്നതാണ് രാജ്ഭവനെ ചൊടിപ്പിച്ചത്. ശ്രീ പത്മനാഭ സേവ സമിതി സംഘടിപ്പിച്ച അടിയന്തരവസ്ഥയുടെ വാര്‍ഷികം പരിപാടിയില്‍ ഭാരതാംബ ചിത്രം മാറ്റണമെന്ന് രജിസ്ട്രാര്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കിയെന്ന് രജിസ്ട്രാര്‍ രാജ് ഭവനെ അറിയിച്ചത്. ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് വേദിയില്‍ രജിസ്ട്രാര്‍ തടസം നിന്നുവെന്ന് സംഘാടകര്‍ ഗവര്‍ണറോട് പരാതി പറഞ്ഞിരുന്നു. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്.
ഭാരതാംബ ഏത് മതത്തിന്റെ ഭാഗമാണെന്ന് രാജ്ഭവന് ആരാഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ആരും നല്‍കിയിരുന്നില്ല. സംഘര്‍ഷത്തിന്റെ വക്കില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഘാടകര്‍ക്കെതിരേ രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.