നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കല്‍ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ ചന്ദ്രപ്രസാദ് (19) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 10.30നുശേഷം കാന്തിപ്പാറ മുക്കടി ഇച്ചമ്മക്കട സ്വദേശിയായ കമ്പിനിപ്പടി ജോയിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികള്‍ അപഹരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. ഇതിനിടെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാന്‍ പോയി തിരിച്ചു വരുന്ന വഴി രാത്രി 10.30ഓടെ അടിമാലി പതിനാലാംമൈലില്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പ്രതികളെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികള്‍ സംസാരിച്ചത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.