ചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്.

പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്.

ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്.

സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്.

കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്.

ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ഇദ്ദേഹത്തിന്റെയും ഈ പ്രദേശത്തെ മറ്റ് കര്‍ഷകരുടെയും താറാവുകള്‍ വന്‍തോതില്‍ ചത്തൊടുങ്ങിയെങ്കിലും ഒരു രൂപപോലും നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നു കാലങ്ങളായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ഓരോദിവസം കഴിയുംതോറും കര്‍ഷകരുടെ നഷ്ടം വര്‍ധിക്കുകയാണ്. നിരവധി താറാവുകളില്‍ രോഗലക്ഷണം പ്രകടമാണ്.

കൂടുതല്‍ താറാവുകള്‍ ദിവസവും ചാകുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.വീണ്ടും സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.

Related posts

Leave a Comment