കണ്ണൂരില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…

ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്‌കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ബക്കറ്റ് പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്.

എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന്‍ ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്.

ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്. 2020ലെ കോഴിക്കോട് കണ്ണൂര്‍ എഡിഷന്‍ പത്രങ്ങളാണ് ബോബ് പൊതിയാനായി ഉപയോഗിച്ചത്.

ഇതിന് മുമ്പ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത പ്രദേശമായതിനാലാവും സ്‌കൂളില്‍ ബോംബ് ഒളിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

സമീപ പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്‌കൂളില്‍ നിന്ന് ബോംബ് കണ്ടെത്തിയത് അധ്യാപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Related posts

Leave a Comment