ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല ! ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ്; ഋഷിരാജ് സിംഗിനെതിരേ ആഞ്ഞടിച്ച് ബോണി കപൂര്‍…

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായാണ് ഋഷിരാജ് സിങ് ഒരു ലേഖനത്തില്‍ എഴുതിയത്.

പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’ ഇതായിരുന്നു ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് ലേഖനത്തില്‍ കുറിച്ചത്.

ഇത് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് മറുപടിയുമായി ബോണി കപൂര്‍ രംഗത്തെത്തിയത്. ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ്- ബോണി കപൂര്‍ പറഞ്ഞു. ദുബായില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചു.

Related posts