അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ? ഇന്ത്യ വേണ്ടെന്നു പറഞ്ഞിട്ടും ബഡ്ജറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ തുക നീക്കിവച്ച് ബ്രിട്ടന്‍; ഏതുവിധേനയും ഇന്ത്യയെ അപമാനിക്കാനുറച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും…

വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. തങ്ങള്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാന്‍ ബഡ്ജറ്റില്‍ 98 മില്യണ്‍ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാന്‍ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് സഹായം നല്‍കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഇന്ത്യ സഹായം വേണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഏതുവിധേനയും ഇന്ത്യയെ അപമാനിക്കണമെന്നുറച്ചാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത്. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 201819ല്‍ ഇന്ത്യയ്ക്ക് 52 മില്യണ്‍ പൗണ്ടും 2019-20ല്‍ 46 മില്യണ്‍ പൗണ്ടുമാണ് ബ്രിട്ടന്‍ അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന് വേണ്ടി ഇന്ത്യ 94. 5 മില്യണ്‍ പൗണ്ട് ചിലവഴിക്കുമ്പോഴാണ് ബ്രിട്ടന്‍ സഹായമേകുന്നതെന്നതെന്നും വിമര്‍ശകര്‍ എടുത്ത് കാട്ടുന്നു. ചാന്ദ്രയാന്‍-2 പുതുവര്‍ഷത്തില്‍ ലോഞ്ച് ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.

ഇന്ത്യന്‍ രൂപ ദുര്‍ബലമാണെങ്കിലും ബ്രിട്ടനെയും ഫ്രാന്‍സിനെയും പുറകിലാക്കി ഇന്ത്യ 2019ല്‍ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ദി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) പറയുന്നത്. ഇന്ത്യ 2025ല്‍ ജര്‍മനിയെയും 2030ല്‍ ജപ്പാനെയും മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും സിഇബിആര്‍ പ്രവചിക്കുന്നു. ബ്രിട്ടനേക്കാള്‍ സമ്പന്നമായ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നുവെന്നത് തീര്‍ത്തും പരിഹാസ്യമായ കാര്യമാണെന്നാണ് കടുത്ത ബ്രെക്‌സിറ്ററായ ഫിലിപ്പ് ഡേവീസ് വിമര്‍ശിച്ചിരിക്കുന്നത്. ഇതിന് പകരം ബ്രിട്ടനിലെ പൊതു സര്‍വീസുകള്‍ക്ക് വേണ്ടിയും രാജ്യത്തെ ദരിദ്രര്‍ക്ക് വേണ്ടിയുമാണ് ബ്രിട്ടന്‍ ചെലവിടേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

മാര്‍ക്കറ്റ് എക്‌സേഞ്ച് നിരക്കിലെ ജിഡിപിയെ അടിസ്ഥാനമാക്കിയാണ് സിഇബിആര്‍ ഓരോ രാജ്യത്തിന്റെയും റാങ്കിങ് നിര്‍വഹിച്ചിരിക്കുന്നത്. ഇത് പ്രകാരം മറ്റേതു സമ്പദ് വ്യവസ്ഥയേക്കാളും ഇരട്ടി വലുപ്പത്തിലുള്ള പര്‍ച്ചേസിങ് പവര്‍ പാരിറ്റിയാണ് ഇന്ത്യയ്ക്കുള്ളത്. വര്‍ധിച്ച് വരുന്ന ജനസംഖ്യ, പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍, റെയില്‍, ടെലികമ്മ്യൂണിക്കേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, എന്നിവയിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യയുടെ മുന്നേറ്റത്തിനു കാരണമെന്ന് സിഇബിആര്‍ എടുത്ത് കാട്ടുന്നു. എന്തായാലും ഇന്ത്യയെ വിടാന്‍ ബ്രിട്ടീഷ്മാധ്യമങ്ങള്‍ക്ക് ഭാവമില്ല.

Related posts