കുടുംബസമേതം താമസിക്കുന്നതിന് ബിഎസ്എഫ് 190 ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കുന്നു! നിര്‍മിക്കുന്നത് എട്ടോളം പ്രദേശങ്ങളിലായി 2800 മുറികള്‍; മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന് വിശദീകരണം

രാജ്യത്തെയും ജനങ്ങളെയും സദാ കാത്തുസംരക്ഷിക്കുന്ന ധീരജവാന്മാരുടെ ക്ഷേമത്തിനാവശ്യമായ യാതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന പരാതി പരിഹരിക്കാനെന്നവണ്ണം നവവരന്‍മാരായ ജവാന്‍മാര്‍ക്ക് ഭാര്യാസമേതം താമസിക്കുന്നതിന് ബി.എസ്.എഫ് 190 ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കുന്നു. മുപ്പത് വര്‍ഷത്തെ ജോലി കാലയളവില്‍ ശരാശരി അഞ്ച് വര്‍ഷം മാത്രമാണ് ജവാന്മാര്‍ക്ക് കുടുംബസമേതം താമസിക്കാന്‍ കഴിയുന്നത്.

ഇത് ജവാന്മാര്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പുതിയതായി വിവാഹം കഴിയുന്ന ജവാന്‍മാര്‍ക്ക് ബി.എസ്.എഫ് താമസസൗകര്യമൊരുക്കുന്നത്. കിഴക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ എട്ടോളം പ്രദേശങ്ങളിലായി 2,800ഓളം മുറികളാണ് ബി.എസ്.എഫ് നിര്‍മ്മിക്കുന്നത്.

ജവാന്‍മാര്‍ക്ക് അവരുടെ കുടുംബവുമൊത്ത് താമസിക്കാന്‍ അവസരം നല്‍കുന്നത് മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ കെ.കെ ശര്‍മ്മ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 192 ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കും. ബി.എസ്.എഫ് ഓഫീസര്‍മാര്‍ക്കും സബ് ഓഫീസര്‍മാര്‍ക്കും ഗസ്റ്റ് ഹൗസ് സൗകര്യം നിലവിലുണ്ടെങ്കിലും കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് ഈ സൗകര്യമില്ലായിരുന്നു.

ഗസ്റ്റ് ഹൗസില്‍ അടുക്കള, കുളിമുറി, ടെലിവിഷന്‍ സൗകര്യങ്ങളും ഉണ്ടാകും. പുതിയതായി വിവാഹം കഴിച്ചവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ ജീവിതപങ്കാളിയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതിയും ലഭിക്കും.

 

Related posts