ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയില്ല! യോഗി ആദിത്യനാഥിന്റെ വീടിന്റെ മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

തന്നെ ബലാത്സംഗം ചെയ്ത ബി.ജെ.പി. എം.എല്‍.എക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് യുവതിയും കുടുംബവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു.

ഉനാ എം.എല്‍.എ കുല്‍ദീപ് സിംഗിനെതിരെയാണ് യുവതിയുടെ ആരോപണം. കുല്‍ദീപ് സിംഗും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തെന്നും പോലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ഓഫീസിലും ഞാന്‍ കയറി നടക്കുകയാണ്. ആരും എന്നെ കേള്‍ക്കുന്നില്ല. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.’ യുവതി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ പോലും സഹായത്തിനായി സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി ആരോപിച്ചു.

യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ യുവതി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ നിന്ന് പോലീസ് ബലം പ്രയോഗിച്ച് ഗൗട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച കുടുംബം സ്റ്റേഷനില്‍ വച്ച് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ പരാതി ലഖ്നൗവിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ പറ്റൂ എന്നും എ.ഡി.ജി.പി രാജീവ് കൃഷ്ണ പ്രതികരിച്ചു.

 

Related posts