ന്യൂഡൽഹി: ഏറ്റവും കൂടുതൽ പാൽ നൽകുന്ന മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാറിൽ രണ്‍വീര്‍ ഷെയോരന് എന്ന കര്‍ഷകനാണ് എരുമയെ വിറ്റു ലക്ഷാധിപതിയായത്.
തനിക്കു സൗഭാഗ്യം നേടിത്തന്ന എരുമയെ നോട്ടുമാല അണിയിച്ചാണ് ഇയാൾ പുതിയ ഉടമയ്ക്കൊപ്പം പറഞ്ഞയച്ചത്.വർഷങ്ങൾക്കു മുൻപ് 78,000 രൂപ നൽകി വാങ്ങിയ എരുമയെ രണ്‍വീര്‍ വീട്ടിലെ അംഗത്തെപ്പോലെയാണ് പരിപാലിച്ചിരുന്നത്.
26 ലിറ്റര്‍ പാൽ ഇതിനു നിത്യേന ലഭിച്ചിരുന്നു. ആറു വയസാണ് ഇപ്പോൾ എരുമയുടെ പ്രായം. ഖാന്പുര്കലന് ഗ്രാമത്തിലെ താമസക്കാരനായ മല്വീന്ദ്ര എന്നയാളാണ് ലക്ഷങ്ങൾ കൊടുത്ത് എരുമയെ വാങ്ങിയത്. ഈ മേഖലയിൽ ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്കു വിറ്റുപോകുന്നതെന്നു പറയുന്നു.
കച്ചവടം വൻ വാർത്തയായതോടെ എരുമയെ കാണാൻ ധാരാളം പേർ എത്തി. ഹിസാർ, റോഹ്തക്, ജിന്ദ്, ഝജാർ, ഫത്തേഹാബാദ്, ഗുഡ്ഗാവ്, ഡൽഹി എന്നിവിടങ്ങളിലാണ് മുറ എരുമകളെ ധാരാളമായി വളർത്തുന്നത്.