കൊച്ചി: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പഠന പരിപാടിയുടെ ഭാഗമായി സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് സാമൂഹ്യ പ്രാധാന്യമുള്ള ഉത്പന്നങ്ങളുടെ നിര്മാണ വിപണനം നടത്തുന്ന യൂണിറ്റുകള് (സ്കൂള് പ്രൊഡക്ഷന് സെന്ററുകള്) ആരംഭിക്കുന്നു. താല്പര്യമുള്ള സ്കൂളുകള് വിശദമായ പ്രോജക്ട് റിപ്പോര്ട്ട് സഹിതം ഈ മാസം 31നകം അപക്ഷേ സമര്പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്ദേശം.
വിദ്യാര്ഥികളില് പ്രാഥമികാവശ്യങ്ങളായ ആരോഗ്യം, ശുചിത്വം, ആഹാരം, വ്സ്ത്രം, താമസ സൗകര്യം, സാമൂഹിക സാംസ്കാരിക പ്രവര്ത്തനങ്ങള് തുടങ്ങിയവയുടെ വ്യക്തിപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനും നിത്യ ജീവിതത്തില് തൊഴിലിനുള്ള പ്രാധാന്യം മനസിലാക്കി തൊഴില് ചെയ്യാനുള്ള ആഭിമുഖ്യം വളര്ത്തിയെടുക്കുകയുമാണ് ലക്ഷ്യം.
പഠനത്തോടൊപ്പം സമ്പാദനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില് തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങള് സ്കൂളുകളില് തന്നെ നിര്മിച്ച് വിപണനം ചെയ്തു ലാഭവിഹിതം നേടുകയാണ് പ്രൊഡക്ഷന് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദന പ്രക്രിയകള് എപ്പോഴും ശാസ്ത്ര, ഗണിത ശാസ്ത്ര തത്വങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും. ഉത്പാദന പ്രവര്ത്തനങ്ങളില് ഇവയുടെ ഉപയോഗം വിദ്യാര്ഥികളില് ശാസ്ത്രാവബോധം വര്ധിപ്പിക്കുന്നതിന് ഉപകരിക്കും.
ശാസ്ത്രീയമായ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് വിദ്യാര്ഥികളെ പ്രാപ്തരാക്കുന്നതിനോടൊപ്പം യഥാര്ഥ ജീവിതത്തില് പ്രവൃത്തിയുടെ മാഹാത്മ്യം ബോധവത്കരിക്കുകയും സ്വാശ്രയശീലവും ആത്മധൈര്യവും നേടിയെടുക്കാനും ഇതിലൂടെ സാധ്യമാകുമെന്ന് സ്കൂളുകളില് പ്രൊഡക്ഷന് യൂണിറ്റുകള് തുടങ്ങാനുള്ള മാര്ഗനിര്ദേശങ്ങളില് പറയുന്നു.
ഉത്പാദന കേന്ദ്രങ്ങളുടെ പൂര്ണ ഉത്തരവാദിത്വം ഹെഡ്മാസ്റ്റര്ക്കായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിനും വിദ്യാര്ഥികളെ പരിശീലിപ്പിക്കുന്നതിനും അര്പ്പണ മനോഭാവത്തോടെ ചുമതലയേറ്റെടുക്കാന് തയാറുള്ള അധ്യാപകനെ ചുമതലപ്പെടുത്തി അഞ്ച് അധ്യാപകരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കണം. കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകര്ക്ക് വേണ്ട പരിശീലനം നല്കണം.
നിര്മിച്ച ഉത്പന്നങ്ങള് നേരിട്ടോ അതാതു സ്കൂളുകളിലെ സഹകരണ സംഘങ്ങള് വഴിയോ സമീപ വിദ്യാലയങ്ങളിലെ സഹകരണ സംഘങ്ങള് വഴിയോ വിപണനം ചെയ്യാം. ഇതു സാധ്യമാകാത്ത സാഹചര്യത്തില് ആ ജില്ലയിലെ മറ്റ് ഉത്പാദന വിപണന കേന്ദ്രത്തില് എത്തിച്ച് അവിടത്തെ ഹെഡ്മാസ്റ്ററോ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന അധ്യാപകനോ ഏറ്റെടുത്ത് വില്പന നടത്താം.
ഇത്തരത്തില് വിപണനം ചെയ്യുന്ന ഉത്പന്നങ്ങളുടെ മൊത്തവിലയുടെ രണ്ടു ശതമാനം വിപണനം നടത്തിയ ഉത്പാദന വിപണന കേന്ദ്രത്തിന്റെ ചുമതലയുളള അധ്യാപകന് ഇന്സെന്റീവായി നല്കണം. ഉത്പന്നങ്ങളുടെ വിപണനം നടക്കുന്ന മുറയ്ക്ക് അതിന്റെ ഇന്സെറ്റീവ് കിഴിച്ചുള്ള വില അതാതു സ്കൂളുകള്ക്ക് നല്കണമെന്നും നിര്ദേശങ്ങളില് പറയുന്നു.
സീമ മോഹന്ലാല്