വാൻകൂവർ: കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ തടഞ്ഞുവച്ചു. വാൻകൂവർ-ഡൽഹി വിമാനത്തിന്റെ പൈലറ്റിനെയാണ് അധികൃതർ തടഞ്ഞുവച്ചത്.
ഡിസംബർ 23നായിരുന്നു സംഭവം. പൈലറ്റ് മദ്യം വാങ്ങുന്നത് കണ്ടതായി വിമാനത്താവളം ജീവനക്കാരൻ അധികൃതരെ അറിയിച്ചതാണ് പിടിവീഴാൻ ഇടയാക്കിയത്. പൈലറ്റിനെ പരിശോധനയ്ക്കു വിധേയനാക്കിയതോടെ മദ്യപിച്ചതായി തെളിഞ്ഞു.
പിന്നാലെ ഇയാളെ ജോലിയിൽനിന്നും മാറ്റിനിർത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. മറ്റൊരു പൈലറ്റിനെ നിയോഗിച്ചാണ് വിമാനം ഡൽഹിയിലേക്കു പറന്നത്. പൈലറ്റിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
