ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിക്കയർ നടൻ അനൂപ് ചന്ദ്രന്റെ വസതിയിൽനിന്ന് ആഘോഷപൂർവം കൊണ്ടുപോകും. എറണാകുളം മട്ടാഞ്ചേരിയിൽ നിർമിച്ച കൊടിക്കയർ അനൂപിന്റെ വീട്ടിലെത്തിച്ചു. മതജാതി ഭേദങ്ങൾക്ക് അതീതമായി നാടൊന്നിച്ച് ആഘോഷിക്കുന്ന അർത്തുങ്കൽ തിരുനാൾ ഒരുമയുടേതു കൂടിയാണ്.
10ന് കൊടിയേറി 27നാണ് മകരം തിരുനാളാഘോഷം സമാപിക്കുക. 20നാണ് തിരുനാൾ മഹോത്സവം.പള്ളിമുറ്റത്ത് കൊടി ഉയർത്താനുള്ള കയറാണ് അനൂപിന്റെ ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് കാരിക്കാട്ട് സന്നിധാനം വീട്ടിൽനിന്ന് ആഘോഷപൂർവം ബസിലിക്കയിലേക്ക് കൊണ്ടുപോകുക.
മൂന്നിന് വൈകിട്ട് നാലിന് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ ബാൻഡ്-ചെണ്ടമേളങ്ങളോടെയാകും മൂന്നു കിലോമീറ്റർ അകലെയുള്ള ബസിലിക്കയിലേക്ക് എത്തിക്കുക. മട്ടാഞ്ചേരിയിൽ തയാറാക്കിയ കൊടിക്കയർ അനൂപും പള്ളിയധികൃതരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുവാങ്ങി പള്ളിയിലെത്തിച്ചു.
തുടർന്ന് അനൂപും ഭാര്യ ലക്ഷ്മി രാജശേഖരനും ചേർന്ന് അധികൃതരിൽനിന്ന് സ്വീകരിച്ച കൊടിക്കയർ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നു.
മതമൈത്രിയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് ലക്ഷ്യമാക്കുന്നതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.
