കാനറ ബാങ്ക് തട്ടിപ്പ് ! പണത്തില്‍ ഭൂരിഭാഗവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മികളിയ്ക്ക്; ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് 39 തവണ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്…

പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് എട്ടുകോടിയിലേറെ രൂപ വെട്ടിച്ച് മുങ്ങിയ ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതയുണ്ടാകും. ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് പ്രതി നാടുവിട്ടത്.

ഇതില്‍ വിജീഷിനൊഴികെ മറ്റ് മൂന്നുപേര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഇയാള്‍ തനിച്ച് രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തു. ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്കുമേല്‍ നഷ്ടപ്പെട്ട സംഭവവുമായതിനാല്‍ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇയാള്‍ പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ച് ഓണ്‍ലൈന്‍ റമ്മികളിയ്ക്കും ഓഹരി വിപണിയിലെ നിക്ഷേപത്തിനുമാണെന്ന് പോലീസിന്റെ നിഗമനം. ഇയാളുടെ മൊബൈല്‍ നമ്പരിലെ വിശദാംശങ്ങളില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത്.

തട്ടിയ പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്. ഭാര്യ സൂര്യ താര വര്‍ഗീസിന്റെ അക്കൗണ്ടുകളിലേക്ക് മാത്രം 39 തവണയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്.

അമ്മ ജോളിക്കുട്ടി, ഭാര്യാപിതാവ് കൊട്ടാരക്കര സ്വദേശി ഡി.ജോര്‍ജ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്.

സ്വന്തം പേരിലുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും ഇയാള്‍ 68 തവണ പണം നിക്ഷേപിച്ചിട്ടുണ്ട്.

ഇതര ദേശസാല്‍കൃത ബാങ്കുകളുടെ കൊച്ചി നേവല്‍ബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.

നിലവില്‍ വിജീഷ് വര്‍ഗീസിനെ മാത്രം പ്രതിയാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.എന്നാല്‍ കുടുംബാംഗങ്ങളായ മൂന്നുപേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയെന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ ആളുകള്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

Related posts

Leave a Comment