പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻ കഞ്ചാവ് വലിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഹോഷിയാർപുരിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഗൺമാനായി ജോലി ചെയ്യുന്ന പ്രവീൺ കുമാർ കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രവീൺ കുമാറിനെ സ്ഥലം മാറ്റി. രാഷ്ട്രീയനേതാവിന്റെ സുരക്ഷാ ചുമതലയിൽനിന്നു മാറ്റിയെന്നും ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ആരംഭിച്ചതായും ഹോഷിയാർപുർ സ്പെഷ്യൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവീൺ ഇപ്പോൾ ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.