മാംസാഹാരവും ലൈംഗികബന്ധവും പാടില്ല! ഇന്ത്യയിലെ ഗര്‍ഭിണികള്‍ പാലിക്കേണ്ട നിഷ്ഠകള്‍ അക്കമിട്ട് നിരത്തി ബിജെപി സര്‍ക്കാര്‍; നല്ലകുട്ടികളുണ്ടാവാന്‍ കേന്ദ്രം നല്‍കുന്ന ലഘുലേഖ വിവാദമാവുന്നു

RTR3FFER-carouselമാംസാഹാരവും ഗര്‍ഭധാരണത്തിന് ശേഷം സെക്സും പാടില്ല, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്ത മാത്രം മതി, ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഇങ്ങനെയെല്ലാമാണ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി നിരവധി വിചിത്ര ഉപദേശങ്ങളുള്ളത്. ആരോഗ്യമുള്ള കുഞ്ഞിനായി ഇന്ത്യയിലെ ഗര്‍ഭിണികള്‍ പാലിക്കേണ്ട നിഷ്ഠകള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ബിജെപി സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം. മദര്‍ ആന്റ് ചൈല്‍ഡ് കെയര്‍ ബുക്ക്ലെറ്റ് പുറത്തുവിട്ടത് മന്ത്രി ശ്രീപാദ് നായ്ക്കാണ്. ഇന്ത്യയുടെ പരമ്പരാഗതമായ ആരോഗ്യാനുഷ്ഠാനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും യോഗാ ദിനത്തിന് മുന്നോടിയായി ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ റോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ചുറോപതി പറയുന്നു.

നല്ല കുഞ്ഞുങ്ങള്‍ക്കായി മുറിയില്‍ മനോഹരമായ ചിന്ത്രങ്ങള്‍ തൂക്കണമെന്നും അമ്മ ഇത് കാണുമ്പോള്‍ ആഹ്ലാദചിത്തയാകുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യുമെന്നും ബുക്ക്ലെറ്റ് പറയുന്നു. എന്തൊക്കെയാണ് ഗര്‍ഭിണികള്‍ ഉറപ്പായും ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ…
ഭോഗം, കാമം, ക്രോധം വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമാധാനപരമായ അന്തരീക്ഷത്തില്‍ ഉചിതമായി സമയം ചിലവഴിക്കുക, കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കുക, അതിന് കുഞ്ഞിലും ചലനമുണ്ടാക്കാനാകും, സ്വയം പഠനം, ആത്മീയ ചിന്ത എന്നിവ ഉറപ്പായും വേണം, വലിയ വ്യക്തികളുടെ ജീവിതവും കഥകളും വായിക്കുക, ശാന്തമായി ഇരിക്കാന്‍ ശ്രദ്ധിക്കുക. അതേസമയം, ഗര്‍ഭിണികള്‍ മാംസം കഴിക്കരുതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നുമുള്ള യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ക്കാരിന്റെ നിര്‍ദേശങ്ങളെന്നു ചൂണ്ടിക്കാട്ടി വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Related posts