ഫീനിക്സ്: വെടിയേറ്റു മരിച്ച ഇൻഫ്ലുവൻസറും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാർലി കിർക്കിന് നിറമിഴികളോടെ വിടചൊല്ലി അമേരിക്ക.
“ഞാൻ അവനോട് ക്ഷമിക്കുന്നു.” നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക് കണ്ണീരോടെ പറഞ്ഞു. തന്റെ ഭർത്താവിന്റെ കൊലയാളിയോട് ക്ഷമിക്കുന്നു എന്ന വാക്കുകൾ അവിടെ കൂടിയിരുന്ന ജനങ്ങൾ കരഘോഷത്തോടെയാണു സ്വീകരിച്ചത്.
“കുരിശിൽ കിടന്നുകൊണ്ട്, പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമേ എന്നു നമ്മുടെ രക്ഷകനായ യേശുക്രിസ്തു പറഞ്ഞതുപോലെ ആ യുവാവായ മനുഷ്യനോട് ഞാനും ക്ഷമിക്കുന്നു. കാരണം എന്റെ ഭർത്താവ് യുവജനങ്ങളെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നയാളാണ്. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല” -എറിക്ക പറഞ്ഞു. ചാർലി ജീവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നോ അതാണു താന്‍ ചെയ്തതെന്നും എറിക്ക ചൂണ്ടിക്കാട്ടി.
പലകുറിയും വാക്കുകൾ മുഴുമിപ്പിക്കാതെ വിങ്ങിപ്പൊട്ടിയാണു എറിക്ക സംസാരിച്ചത്. ചാർലി കിർക്ക് സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സിഇഒയായി എറിക്കയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭർത്താവ് തുടങ്ങിവച്ച ആശയപ്രചാരണം തുടരുമെന്നും അദ്ദേഹത്തിന്റെ ശബ്ദം ലോകമെങ്ങും പ്രചരിപ്പിക്കുമെന്നും എറിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ചാർലി കിർക്ക് വധം അമേരിക്കയിലെ വലതുപക്ഷ-യാഥാസ്ഥിതിക മുന്നേറ്റത്തിനു ശക്തി പകർന്നതായാണു റിപ്പോർട്ടുകൾ. ചാർലിയുടെ സ്മരണാർഥം രാജ്യത്തെ കാന്പസുകളിലെങ്ങും സംഘടിപ്പിച്ച പ്രാർഥനാപരിപാടികളിൽ വിദ്യാർഥികൾ ഒന്നടങ്കം പങ്കെടുത്തു. സംഭവത്തിനുശേഷം ഞായറാഴ്ചകളിൽ പള്ളികളിൽ പോകുന്ന ക്രിസ്ത്യൻ യുവജനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.