മാവേലിക്കര: ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 10 കോടി റെയിൽവേ ബോർഡ് ചെയർമാൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഡൽഹിയിൽ ഇന്നലെ ചേർന്ന റെയിൽവേ മന്ത്രാലയത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും എംപി പറഞ്ഞു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ഫുട്ട് ഓവർ ബ്രിഡ്ജ് കൂടി നിർമിക്കുക, പ്ലാറ്റ് ഫോം ഷെൽട്ടറിന്റെ നീളം വർദ്ധിപ്പിക്കുക, രണ്ടാം പ്ലാറ്റ് ഫോം ഷെൽട്ടർ പൂർണമായും ഗാൽവനൈസ്ഡ് റൂഫിങ്ങാക്കി മാറ്റുക, തീർഥാടകർക്ക് തങ്ങുവാനുള്ള റെയിൽവേ യാത്രി നിവാസ് പണിയുക, ടിക്കറ്റ് റിസർവേഷന് പ്രത്യേകം ബ്ലോക്ക് നിർമിക്കുക, ഫുട്ട് കോർട്ട്, വിഐപി ലോഞ്ച് എന്നിവ ഏർപ്പെടുത്തുക, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഫാർമസി യൂണിറ്റ് സ്ഥാപിക്കുക, റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തായി കേരളീയ മാതൃകയിൽ കവാടം നിർമിക്കുക, നിലവിലുള്ള സ്റ്റേഷൻ ടെർമിനൽ മോഡി പിടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 10 കോടി രൂപ വിനിയോഗിക്കുക.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 11 ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേരും. ഈ വർഷത്തെ തീർഥാടന കാലത്ത് 150 ഓളം സ്പെഷൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സർവീസ് നടത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.