വനിതാ ഡോക്ടറുടെ പത്ത് പവന്റെ മാല മോഷ്ടിച്ചോടിയ കള്ളനെ കിലോമീറ്ററുകളോളം ഓടിച്ചിട്ട് പിടിച്ച സംഭവം! സൂര്യയെന്ന മിടുക്കന് അര്‍ഹിച്ച അംഗീകാരവുമായി ചെന്നൈ പോലീസ്

ഒരു നന്മ ചെയ്താല്‍ അതിനുള്ള പ്രതിഫലം ഇന്നല്ലെങ്കില്‍ നാളെ ദൈവം നല്‍കുക തന്നെ ചെയ്യും എന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിവുള്ള കാര്യമാണ്. സമാനമായ രീതിയില്‍ ചെയ്യാന്‍ കഴിയുന്ന നന്മ യാതൊരു അമാന്തവും കൂടാതെ ചെയ്ത് മാതൃകയായിരുന്ന സൂര്യ എന്ന ചെന്നൈ സ്വദേശിയായ ബാലന്റെ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ അവനെത്തേടി അര്‍ഹിച്ച അംഗീകാരം എത്തുകയും ചെയ്തിരിക്കുന്നു. വനിതാ ഡോക്ടറുടെ 10 പവന്റെ മാല പൊട്ടിച്ച് ഓടിയ കള്ളനെ കിലോമീറ്ററുകളോളം പിന്നാലെ ഓടിപിടിച്ച മിടുക്കന് പോലീസുകാരാണ് സമ്മാനം കൊടുത്തിരിക്കുന്നത്. ജീവിക്കാന്‍ നല്ലൊരു ജോലിയാണ് ഈ മിടുക്കന് അവര്‍ സമ്മാനിച്ചത്. ടിവിഎസ് സുന്ദരം മോട്ടോഴ്‌സില്‍ എസി മെക്കാനിക്കായിട്ടാണ് സൂര്യയ്ക്ക് ജോലി ലഭിച്ചത്.

അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സൂര്യ. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി കുടുംബം പുലര്‍ത്താനിറങ്ങിയവന്‍. സഹായിയായി പോയി എസി മെക്കാനിസം പഠിച്ചു. ചെറിയ സ്ഥാപനങ്ങളിലും മറ്റും ഇടയ്ക്കിടെ ലഭിക്കുന്ന ജോലിയായിരുന്നു വരുമാന മാര്‍ഗം. ഏപ്രില്‍ 19നായിരുന്നു അവന്റെ ജീവിതത്തില്‍ വഴിത്തിരിവായ ആ സംഭവം. ചിന്താമണിയില്‍ വനിതാ ഡോക്ടറുടെ മാലപൊട്ടിച്ച് മോഷ്ടാവ് ഓടുമ്പോള്‍ സൂര്യ തൊട്ടടുത്ത കടയിലുണ്ടായിരുന്നു.

ഒന്നും ആലോചിക്കാതെ മോഷ്ടാവിനെ പിന്തുടര്‍ന്നു പിടികൂടി. പ്രതി ജാനകി രാമനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പ്രായത്തില്‍ കവിഞ്ഞ ധീരത പ്രകടിപ്പിച്ച സൂര്യയെ അന്നുതന്നെ ചെന്നൈ പോലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ ചേംബറിലേക്കു വിളിച്ച് അഭിനന്ദിച്ചു. സ്ഥിരം ജോലി നേടാന്‍ സഹായിക്കുമെന്ന് ഉറപ്പും നല്‍കി. ആ വാക്കാണ് ഇന്നലെ കമ്മീഷണര്‍ പാലിച്ചത്.

Related posts