ബെയ്ജിംഗ്: ചൈനീസ് നേവിയുടെ മൂന്നാമത്തെ വിമാനവാഹിനിയായ ഫുജിയാൻ യുദ്ധക്കപ്പൽ സർവീസിൽ പ്രവേശിച്ചതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിച്ച കപ്പലിന് 50 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുണ്ടെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച നടന്ന വിപുലമായ ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സാന്നിധ്യത്തിൽ ഫുജിയാൻ കമ്മീഷൻ ചെയ്തിരുന്നു. യുദ്ധവിമാനങ്ങളെ അതിവേഗം കപ്പലിൽനിന്ന് ഉയരാൻ സഹായിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കട്ടാപ്പുൽറ്റ് സംവിധാനമാണു പ്രധാന സവിശേഷത. നിലവിൽ അമേരിക്കൻ വിമാനവാഹിനകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
ചൈനയുടെ മറ്റ് വിമാനവാഹിനികളായ ലിയാലോംഗ്, ഷാൻഡോംഗ് എന്നിവ റഷ്യയിൽ രൂപകല്പന ചെയ്തവയും വലിപ്പത്തിൽ ചെറുതുമാണ്. അതേസമയം, അമേരിക്കൻ വിവാഹനവാഹിനികളെപ്പോലെ ആണവ ഇന്ധനത്തിലല്ല ഫുജിയാൻ പ്രവർത്തിക്കുന്നത്. ഡീസൽ എജിൻ കരുത്തു പകരുന്ന വിമാനവാഹിനിക്ക് 18,000 കിലോമീറ്ററിനുശേഷം ഇന്ധനം നിറയ്ക്കേണ്ടിവരും.

