സി.കെ. രാജേഷ്കുമാറിന് മുഷ്താഖ് അവാർഡ്

കോട്ടയം: കോഴിക്കോട് പ്രസ് ക്ലബ് നൽകുന്ന മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള ഈ വർഷത്തെ മുഷ്താഖ് അവാർഡ് ദീപിക പത്രാധിപസമിതിയംഗം സി.കെ. രാജേഷ്കുമാറിന്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽനിന്ന് അത്‌ലറ്റ് പി.യു. ചിത്രയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ദീപികയിൽ ചെയ്ത “ട്രാക്ക് വിട്ട കളികൾ’ എന്ന പരന്പരയ്ക്കാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

2005 മുതൽ ദീപിക പത്രാധിപസമിതി അംഗമായ രാജേഷിന് ഈ അവാർഡ് ലഭിക്കുന്നത് രണ്ടാം തവണയാണ്. 2012-ലായിരുന്നു ആദ്യത്തേത്. 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ, 2016-ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ്, ഡൽഹിയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസ്, പൂനയിലും ഭുവനേശ്വറിലും നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പുകൾ തുടങ്ങി നിരവധി അന്താരാഷ്‌ട്ര കായിക ഇവന്‍റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ ഗെയിംസ്, സന്തോഷ് ട്രോഫികൾ, വിവിധ അത്‌ലറ്റിക് മീറ്റുകൾ എന്നിവയും ദീപികയ്ക്കായി കവർ ചെയ്തു. 2007 മുതൽ ദീപികയുടെ സ്പോർട്സ് എഡിറ്ററാണ്.

ഭാര്യ പി.എസ്. ലക്ഷ്മിപ്രിയ സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫീസറാണ്. മക്കൾ ശ്രേയസ്, നവ്ദീപ്. അച്ഛൻ കെ.ഡി. ചന്ദ്രശേഖരൻ നായർ (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ), അമ്മ സുഭാഷിണി.

Related posts