ഞങ്ങള്‍ക്ക് നിങ്ങളുടെ അവാര്‍ഡോ മെഡലുകളോ ആവശ്യമില്ല, കേരളത്തിന്റെ സൈന്യമെന്ന പുകഴ്ത്തലും വേണ്ട! വള്ളങ്ങളുടെ തകരാറ് പരിഹരിച്ച് കടലില്‍ പോകാന്‍ അനുവദിക്കണം; അപേക്ഷയുമായി മത്സ്യത്തൊഴിലാളികള്‍

പ്രളയനാളുകളില്‍ കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വാഴ്ത്തുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ കയ്യൊഴിഞ്ഞിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍.

പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ സഹായിക്കുന്നതിനിടയില്‍ കേടുപാട് സംഭവിച്ച ബോട്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പണം നല്‍കുമെന്ന വാഗ്ദാനം പോലും ഇതുവരെ നടപ്പിലായിട്ടില്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

നൂറിലധികം വള്ളങ്ങളായിരുന്നു പ്രളയം ബാധിച്ച കേരളത്തിന് രക്ഷാ ദൗത്യത്തിനായി വന്നിരുന്നത്. പല വള്ളങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മതിലിനിടിച്ചും മരത്തില്‍ തട്ടിയും കനത്ത കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രളയം കഴിഞ്ഞ് എല്ലാ വള്ളങ്ങളും ഇപ്പോള്‍ റിപ്പയറിങ്ങിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നായി 185 വള്ളങ്ങള്‍ വന്നതില്‍ 138 വള്ളങ്ങളും കേടുപാട് തീര്‍ത്ത് നന്നാകേണ്ടതാണ്. വള്ളങ്ങളെല്ലാം തകര്‍ന്നത് കൊണ്ട് പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് മല്‍സ്യ തൊഴിലാളികളെന്ന് കേരള മല്‍സ്യ തൊഴിലാളി ഐക്യ വേദി പ്രസിഡന്റ് ചാള്‍സ് പറയുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ചാള്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു മാസത്തിലധികമായി മത്സ്യ തൊഴിലാളികളെല്ലാം ജോലിയില്ലാതെ വീട്ടില്‍ തന്നെയാണ്, പലരുടെയും കൈയ്യില്‍ വള്ളം നന്നാക്കാനുള്ള പണമില്ല. പണമുള്ള ചിലര്‍ നന്നാക്കിയ വള്ളത്തിന്റെ ബില്ല് സര്‍ക്കാരിന് കൊടുത്ത് പണം കിട്ടാനുള്ള കാത്തിരിപ്പിലാണ്. ചാള്‍സ് പറയുന്നു

രണ്ടര കോടിയാണ് സര്‍ക്കാര്‍ വള്ളങ്ങളുടെ തകരാറുകള്‍ തീര്‍ക്കാന്‍ മാറ്റി വെച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടിക്രമങ്ങള്‍ കാരണമാണ് പണം ലഭിക്കാന്‍ താമസിക്കുന്നെതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഓരോ ദിവസം കടന്ന് പോവുമ്പോഴും ഞങ്ങളുടെ നഷ്ടം കൂട്ടുകയാണ്. ചാള്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തകരാറിലായ വള്ളങ്ങളുടെ ഫോട്ടോകളൊക്കെ എടുത്ത് പോയതാണ്. പക്ഷെ ഇത് വരെ ആര്‍ക്കും പണമൊന്നും ലഭിച്ചില്ല. വള്ളങ്ങള്‍ക്ക് മാത്രമല്ല മല്‍സ്യ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ കാര്യത്തിലും തീര്‍പ്പൊന്നുമായില്ല. ഞങ്ങള്‍ക്ക് അവാര്‍ഡും മെഡലുമൊന്നും വേണ്ട കേരളത്തിന്റെ സൈന്യമെന്ന പുകഴ്ത്തലും വേണ്ട, ഞങ്ങള്‍ക്ക് ഞങ്ങളുടെ വള്ളങ്ങളുടെ തകരാറ് പരിഹരിച്ച് കടലില്‍ പോകാന്‍ അനുവദിക്കണം. തൊഴിലാളികള്‍ പറയുന്നു.

Related posts