ലോക കാലാവസ്ഥയില്‍ വരാന്‍ പോകുന്നത് അപകടകരമായ മാറ്റം ! അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിക്കുന്നു;പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…

ലോകത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റം വരാന്‍ പോകുന്നെന്ന് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ.

മഞ്ഞുരുകലിന്റെ വേഗത്തെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് പല ഗവേഷകരുമിപ്പോള്‍. എന്നാല്‍ എങ്ങനെ ഇവ കാലാവസ്ഥാ സംവിധാനത്തെ ബാധിക്കുമെന്നതില്‍ കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ എഎംഒസിയെ ബാധിക്കും. ഇപ്പോള്‍തന്നെ ഇതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതു പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നും ഗവേഷകര്‍ അംഗീകരിക്കുന്നു.

നിലവിലെ മഞ്ഞുരുകല്‍ കണക്കിലെടുക്കുമ്പോള്‍ 2065 – 75 വര്‍ഷങ്ങള്‍ക്കിടയില്‍ സമുദ്രനിരപ്പുയരുമെന്നാണു വ്യക്തമാകുന്നത്. ഇതു കാറ്റിന്റെ സഞ്ചാരത്തെയും ബാധിക്കും. ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രങ്ങളാവും ആദ്യം സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുക. മഞ്ഞുപാളികളോടു ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ സമുദ്രനിരപ്പ് താഴുകയും ചെയ്യും. ആഗോളതാപനത്തിന്റെ ഫലമായി താപനില 3-4 ഡിഗ്രി വരെ ഉയരുകയാണ്.മാത്രമല്ല, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നത് പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല.

മഞ്ഞ് ഉരുകുന്നത് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും വരുംവര്‍ഷങ്ങളില്‍ ഇതിന്റെ തോതു വര്‍ധിക്കും. ഭൂമിയിലെ കാലാവസ്ഥയെ മനുഷ്യര്‍ സ്വീകരിക്കുന്ന പല നയങ്ങള്‍ വഴി നിയന്ത്രിച്ചു സ്ഥിരപ്പെടുത്തിയാലും ഇത്രയും നാള്‍ വ്യതിയാനം ഉണ്ടായതിന്റെ ഫലമായി കുറേനാള്‍ക്കൂടി മഞ്ഞ് ഉരുകല്‍ തുടരും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ ഭാവിയെ കുറച്ചുകൂടി സുരക്ഷിതമാക്കാമെന്നും പഠനത്തില്‍ പറയുന്നു. ‘നേച്ചര്‍’ ജേര്‍ണലില്‍ സമ്പൂര്‍ണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല ദ്വീപ് രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നു വ്യക്തമാക്കുകയാണ് പുതിയ പഠനം.

Related posts