തൃശൂര്‍: പുതിയ പോസിറ്റീവ് കേസുളൊന്നും ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതിനു പുറമെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവായതും കോവിഡ് ഭീതിയില്‍ കഴിയുന്ന തൃശൂരിന് ആശ്വാസം പകര്‍ന്നു.
ചികിത്സയില്‍ കഴിയുന്നവരുടെ തുടര്‍ച്ചയായ രണ്ടാം ഫലവും നെഗറ്റീവായാല്‍ മാത്രമേ ഇവരെ രോഗമുക്തരായി കണക്കാക്കി ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു.
ജില്ലയില്‍ വീടുകളില്‍ 15,169 പേരും ആശുപത്രികളില്‍ 24 പേരും ഉള്‍പ്പെടെ ആകെ 15,193 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 46 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരെ വിടുതല്‍ ചെയ്തു.
ഇന്നലെ 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 889 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 872 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 257 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. 136 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. 3,653 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.