ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തിയവരുടെ വലിയ തിരക്കുകണ്ടാൽ ആരും അദ്ഭുതപ്പെട്ടുപോകും. വാക്സിൻ സ്വീകരിക്കാനെത്തി കോവിഡ് കിട്ടാതിരുന്നാൽ ഭാ ഗ്യം.
വയോധികർക്കൊപ്പം സഹായികളും വാഹനങ്ങളിൽ എത്തുന്നതോടെ തിരക്കുകൂടുന്ന സാഹചര്യമാണ്.
വാക്സിൻ എടുക്കുവാൻ എത്തുന്നവർ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ മഴയും വെയിലും കൊണ്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദൂരസ്ഥലങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാനെത്തിയത് ഏറെ ബഹളത്തിനിടയാക്കി.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജൂണ് 10 നു മുന്പായി കോവാക്സിൻ ആദ്യഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായിട്ടായിരുന്നു സൗകര്യമൊരുക്കിയിരുന്നത്.
തിരക്ക് ഒഴിവാക്കുന്നതിനായി അധികൃതർ സമയക്രമവും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ആശുപത്രി അധികൃതരുടെ നോട്ടീസ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡയകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവരടക്കമുള്ളവർ രാവിലെ മുതൽ തന്നെ ആശുപത്രിയിലേക്കു ഒഴുകിയെത്തിയത്.
ഇതുമൂലം വാക്സിനേഷൻ സെന്ററിനു മുന്നിൽ വലിയ തിരക്കിനും ആരോഗ്യപ്രവർത്തകരുമായുള്ള ബഹളത്തിനും ഇടയാക്കി.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വാക്സിൻ സ്വീകരിച്ചവർക്കെന്ന് അറിയിപ്പിൽ ഉണ്ടായിരുന്നെങ്കിലും ഇരിങ്ങാലക്കുടയ്ക്ക് പുറത്തുനിന്നുള്ളവർക്ക് എന്നുള്ള പരാമർശമാണ് ബഹളത്തിനിടയാക്കിയത്.
ആശുപത്രി അധികൃതർ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ബഹളം വർധിച്ചതോടെ ഇരിങ്ങാലക്കുട എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ആശുപത്രി അധികൃതർ നൽകിയിരുന്ന നോട്ടീസ് വായിച്ച് കേൾപ്പിച്ച് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവരുടെ പേരും വിലാസവും ഫോണ് നന്പറും ആരോഗ്യപ്രവർത്തകർ ഏഴുതിവാങ്ങി. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് മുൻഗണന നൽകി വിളിക്കാമെന്ന ഉറപ്പിൽ പുറത്തുനിന്നും എത്തിയവരെ തിരിച്ചയച്ചു.