കോട്ടയം: സിപിഎം വിഭാഗീയത അഥവാ പിണറായി-വിഎസ് ചേരിപ്പോര് അതിന്റെ മൂര്ധന്യതയില് നില്ക്കുന്ന കാലത്തായിരുന്നു 2008 ഫെബ്രവരി 14നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്.
വി.എസ് ഗ്രൂപ്പിനെ ഏറെക്കുറെ പൂര്‍ണമായി വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടി ആധിപത്യം പിടിച്ച സമ്മേളനത്തിന്റെ സമാപനദിവസം നാഗമ്പടത്തുണ്ടായ സംഭവവികാസങ്ങള്‍ കാലം മറന്നിട്ടില്ല. സമ്മേളനവേദിയിലേക്ക് വി.എസ് വൈകിയെത്തിയപ്പോള്‍ അണികളുടെ ആവേശം അതിരുവിട്ടു.
വി.എസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു: ‘’ഇത് സിപിഎം സമ്മേളനമാണ്, ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്നു പറഞ്ഞാണ് പിണറായി അണികളെ ശാസിച്ചത്. പിണറായിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു.
അതോടെ ‘’ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളണ്ടിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വോളണ്ടിയര്‍മാര്‍ കാണിക്കണം’’ എന്ന് പിണറായി നിര്‍ദേശിച്ചു. അതോടെ റെഡ് വോളണ്ടിയര്‍മാര്‍ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു.
വി.എസ് ആരാധകരായ പ്രവര്‍ത്തകരും റെഡ് വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.സ്വാഗതവും അധ്യക്ഷപ്രസംഗവും ഉദ്ഘാടനപ്രസംഗവും പേരിനുമാത്രം നടന്നു. ബാക്കി പ്രസംഗകര്‍ക്കു സംസാരിക്കാന്‍ അവസരമുണ്ടായില്ല. നന്ദിപ്രകാശനം പോലും ഇല്ലാതെയാണ് സമ്മേളനം അവസാനിച്ചത്.