ഭുവനേശ്വർ: അമ്മയെ കൊന്നതിലുള്ള പ്രതികാരത്തിൽ ജയിൽ മോചിതനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മകൻ. സംഭവത്തിൽ ബിഷ്ണു(22)വിനെ പോലീസ് അറസ്റ്റ് ചെയ്തു. നടക്കുന്ന സംഭവം ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ. ക്രാന്തി കുമാർ ബർമ(55) എന്നയാളാണ് കൊല്ലപ്പെട്ടത്. ബ്രാഹ്മണി തരംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാലുപത്ര ഗ്രാമത്തിലെ ഒരു വയലിൽ നിന്നാണ് ക്രാന്തി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം വീട്ടാനാണ് താൻ കൊലനടത്തിയതന്നും ഇതിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും ബിഷ്ണു പോലീസിനോടു പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ബർമ ജയിൽ മോചിതനായത്. കുട്ടിയായിരുന്നപ്പോൾ ബിഷ്ണുവിന്റെ കൺമുന്നിൽ വച്ചാണ് ക്രാന്തി കുമാർ ഭാര്യയെ കൊലപ്പെടുത്തിയത്.
ഇയാൾ അക്രമാസക്തനാണെന്നും ഗ്രാമത്തിലെ സ്ത്രീകളോട് പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്നും കാരണമില്ലാതെ മകനെ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
അന്വേഷണം നടന്നുവരികയാണെന്നും ബർമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.