ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. 15 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് 36കാരനായ താരം വിരാമം കുറിച്ചത്.
വലംകൈയന്‍ സീമർ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നെന്ന് തിങ്കളാഴ്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ’പതിനഞ്ച് വർഷം നീണ്ട ആത്മാർഥമായ കരിയറിന് ശേഷമുള്ള അന്താരാഷ്ട്ര വിരമിക്കലിന് എല്ലാ ആശംസകളും നേരുന്നു’ ഇസിബി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആഷസ് പരന്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നു ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് വോക്സിന്റെ അപ്രതീക്ഷിത തീരുമാനം. 62 ടെസ്റ്റുകളിൽ നിന്ന് ഓൾറൗണ്ടർ 29.61 ശരാശരിയിൽ 192 വിക്കറ്റുകൾ വീഴ്ത്തുകയും ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും ഉൾപ്പെടെ 2034 റണ്‍സ് നേടുകയും ചെയ്തു. 2019ലെ ലോകകപ്പ് സ്വന്തം നാട്ടിൽ നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന വോക്സ് 11 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി.
സൂപ്പർ ഓവറിൽ സമനില പാലിച്ചതിന് ശേഷം ബൗണ്ടറികളുടെ എണ്ണത്തിൽ ന്യൂസിലൻഡിനെതിരേ ടീം വിജയിച്ചപ്പോൾ ഫൈനലിൽ അദ്ദേഹം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2022ൽ ഐസിസി ട്വന്റി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും അദ്ദേഹം അംഗമായിരുന്നു.