വിമാനടിക്കറ്റിൽ പലതരത്തിലുള്ള ചാർജുകളും ഈടാക്കുന്നുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ യൂസറായ മീനൽ ഹൈദരാബാദിൽ നിന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്തു. അതിനിടയിലാണ് ക്യൂട്ട് ചാർജ് എന്ന പേരിൽ ഒരു തുക ഈടാക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ അവർ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ സംശയം പങ്കുവച്ചു. യുവതിയുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി.
5,216രൂപയാണ് ടിക്കറ്റിന്റെ മുഴുവൻ ചാർജ് ആയി കാണിച്ചിരിക്കുന്നത്. അതിൽ വിമാന നിരക്ക് 3,455 ,ക്യൂട്ട് ചാർജ് 50 , റീജിയണൽ കണക്റ്റിവിറ്റി ചാർജ് 50, ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 236, യൂസർ ഡെവലെപ്മെന്റ് ഫീസ് 885, അറൈവൽ യൂസർ ഡെവലപ്മെന്റ് ഫീസ് 407, ജിഎസ്ടി 178 എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്. ക്യൂട്ട് ചാർജ് എന്ന ഭാഗം വന്നപ്പോഴാണ് യുവതിക്ക് സംശയം വന്നത്.
പോസ്റ്റ് വൈറലായതോടെ നിരവധി കമന്റുകളാണ് അതിനു താഴെ വന്നത്. യുവതി കാണാൻ ക്യൂട്ട് ആണ് അതിനാലാണ് അത്തരമൊരു ചാർജ്. കൂടുതൽ ക്യൂട്ട് ആകേണ്ട, കൂടുതൽ പണമടക്കേണ്ടി വരും എന്നൊക്കെയാണ് പല വിരുതൻമാരും കമന്റ് ചെയ്തിരിക്കുന്നത്.
എന്നാൽ കോമൺ യൂസർ ടെർമിനൽ എക്വിപ്മെന്റ് എന്നാണ് ക്യൂട്ട് ചാർജ് എന്നാൽ അർഥം. മെറ്റൽ ഡിറ്റക്ടിംഗ് മെഷീൻ, എസ്കലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസായിട്ടാണ് ഇത് ഈടാക്കുന്നത്.