കൊല്ലം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺ ലൈൻ -സൈബർ തട്ടിപ്പുകൾ തടയാൻ ഇ-സീറോ എഫ്ഐആർ സേവനം ആരംഭിച്ച് കേന്ദ്ര സർക്കാർ. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ സ്വയമേ എഫ്ഐആറായി പരിവർത്തനം ചെയ്യപ്പെടും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സംവിശേഷത.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സൈബർ തട്ടിപ്പുകളുടെ അന്വേഷണം വേഗത്തിലാക്കാനും പുതിയ സേവനം ഉപകരിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ഡൽഹിയിൽ ഈ സംവിധാനം ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയിൽ തന്നെ ഇത് രാജ്യവാപകമാക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
1930 എന്ന ഹെൽപ്പ് ലൈനിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ രേഖാമൂലം നൽകുന്ന പരാതികൾക്ക് ആണ് ഈ സൗകര്യം ലഭ്യമാകുക. ഇത്തരം പരാതികൾ ഡൽഹിയിലെ ഇ- ക്രൈം പോലീസ് സ്റ്റേഷനിലാണ് ആദ്യം രജിസ്റ്റർ ചെയ്യപ്പെടുക. തുടർന്ന് എഫ്ഐആർ വിവരങ്ങൾ ബന്ധപ്പെട്ട പ്രദേശത്തെ സൈബർ പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കും.
ഈ വിവരം പരാതിക്കാരനെയും അറിയിക്കും. അറിയിപ്പ് ലഭിച്ചാൽ പരാതിക്കാരൻ മൂന്ന് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സൈബർ പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി സീറോ എഫ്ഐആർ ഒരു സാധാരണ എഫ്ഐആർ ആക്കി മാറ്റണം. തുടർന്ന് വിശദമായ അന്വേഷണം അതിവേഗം ആരംഭിക്കും.
ഈ പ്രക്രിയയയിൽ ഡൽഹി പോലീസിന്റെ ഇ-എഫ്ഐആർ സംവിധാനവും നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ക്രൈം ആൻഡ്് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സംവിധാനവും തമ്മിൽ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇരയുടെ നഷ്ടമായ പണം വേഗത്തിൽ തിരിച്ച് പിടിക്കാനും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാനും കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
തട്ടിപ്പിന് ഇരയാകുന്നവർക്ക് പോലീസ് സ്റ്റേഷനുകളിൽ പോകുന്നതിന്റെ സങ്കീർണതകൾ ഒരു പരിധിവരെ ഒഴിവാക്കാൻ പുതിയ സംവിധാനം വഴി സാധിക്കും.
മാത്രമല്ല പരാതി ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ വളരെ ലളിതമാകുകയും ചെയ്യും. കുറ്റവാളികളെ കർശനമായി നിരീക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കും.