കല്പ്പറ്റ: മിനി ലോറിയില് കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര് മാനന്തവാടി വാളാട് നൊട്ടന് സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. 133 പ്ലാസ്റ്റിക് ചാക്കിലും 50 ചണച്ചാക്കിലുമായിരുന്നു പുകയില ഉത്പന്നങ്ങള്.
ഓരോ പ്ലാസ്റ്റിക് ചാക്കിലും 15 -ഉം ചണച്ചാക്കില് 30 -ഉം കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. 40 ചാക്ക് ബിയര് വേസ്റ്റായിരുന്നു കവറിംഗ് ലോഡ്. ലോറിയില് കാലത്തീറ്റയാണെന്നാണ് ഡ്രൈവര് പറഞ്ഞത്.
എക്സൈസ് ഇന്സ്പെക്ടര് സന്ഫീര് മുഹമ്മദ്, അസിസ്റ്റന്റ് ഇന്സ്പെക്ടര് കെ.എം. സൈമണ്, പ്രിവന്റീവ് ഓഫീസര്മാരായ പി.ആര്. ജിനോഷ്, സി.ഡി. സാബു, സിവില് എക്സൈസ് ഓഫീസര്മാരായ ഇ.ബി. അനീഷ്, പി. വിപിന്, പി.എന്. ശശികുമാര് എന്നിവരടങ്ങുന്ന സംഘം പന്തികേടുതോന്നി കവറിംഗ് ലോഡ് മാറ്റി നോക്കിയപ്പോഴാണ് പുകയില ഉത്പന്നങ്ങള് കണ്ടെത്തിയത്.