യൂട്യൂബ് കൃഷി ! ഓണ്‍ലൈന്‍ കൃഷിയിലൂടെ ഹരിയാനയിലെ കര്‍ഷകന്‍ ഓരോ മാസവും സ്വന്തമാക്കുന്നത് രണ്ട് ലക്ഷം രൂപ

എന്ത് ബിസിനസിനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി ഓണ്‍ലൈന്‍ രംഗം വികസിച്ചു കഴിഞ്ഞു. ഹരിയാനയിലെ കര്‍ഷകനായ ദര്‍ഷന്‍ സിങ്ങിന് ഒരു മാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ പാടത്തിറങ്ങിയുള്ള ശാരീരികാധ്വാനത്തിലൂടെയല്ല ദര്‍ഷന് ഈ വരുമാനം ലഭിക്കുന്നത്. പകരം യൂട്യൂബില്‍ നിന്നാണ്. കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷന്‍ കുടുംബ സ്വത്തായുള്ള 12 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് നടത്തുന്നത്. ആദ്യം രണ്ടേക്കറില്‍ ജൈവ കൃഷി നടത്തി തുടര്‍ന്നു മൂന്നു വര്‍ഷം കൊണ്ട് മുഴുവന്‍ ഇടത്തും കൃഷി വ്യാപിപ്പിച്ചു.

2017-ല്‍ ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് അതേ കുറിച്ചുള്ള വിവരങ്ങള്‍ ദര്‍ഷന്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങളും ഓണ്‍ലൈനിലൂടെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരെ നേരില്‍ കാണുകയായിരുന്നു. ഈ യാത്രയിലാണ് യൂട്യൂബ് ചാനല്‍ എന്ന ആശയം ദര്‍ഷനില്‍ ഉരുത്തിരിഞ്ഞത്.

ഇതോടെ 2017 സെപ്റ്റംബറില്‍ ഫാര്‍മിങ് ലീഡര്‍ എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ആറു മാസം കൊണ്ടു തന്നെ വീഡിയോകള്‍ക്കു ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 22 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഫാര്‍മിംഗ് ലീഡര്‍ ചാനലിനു ലഭിച്ചത്. 2018 മാര്‍ച്ച് മാസം ആയപ്പോഴേക്കും യൂട്യൂബില്‍ നിന്നു പണം ലഭിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്ന് അത്ര നാള്‍ സമ്പാദിച്ച തുകയേക്കാള്‍ കൂടുതല്‍ യൂട്യൂബില്‍ നിന്നു കിട്ടാന്‍ തുടങ്ങിയതോടെ ദര്‍ഷന്‍ അതങ്ങ് പ്രൊഫഷനാക്കി. നിലവില്‍ 500ല്‍ അധികം വീഡിയോകളാണു ചാനലില്‍ ഉള്ളത്. ദര്‍ഷനെ സഹായിക്കാന്‍ ഇപ്പോള്‍ രണ്ടു പേര്‍ കൂടി ഉണ്ട്. ദര്‍ഷന്‍ ഫാം ഒരു സുഹൃത്തിനു കൈമാറി. സുഹൃത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇപ്പോള്‍ ഫാം നടക്കുന്നത്.

Related posts