ജൊഹന്നാസ്ബർഗ്: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് എ.ബി. ഡിവില്യേഴ്സ്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി അരങ്ങേറ്റംകുറിച്ച ഡിവില്യേഴ്സ് 33 പന്തിൽ 40 റണ്ണെടുത്ത് തിളങ്ങുകയും ചെയ്തു. ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് വരാനുള്ള തന്റെ ആഗ്രഹവും ഡിവില്യേഴ്സ് പ്രകടിപ്പിച്ചു.
ലോക ക്രിക്കറ്റിൽ തന്റെ സമകാലികരിൽ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാൻമാർ ആരൊക്കെയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡിവില്യേഴ്സ് വ്യക്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് മികവുറ്റ താരങ്ങളായി ഡിവില്യേഴ്സ് പരാമർശിച്ചത്.