ആലപ്പുഴ: ഓമനപ്പുഴയില് മകള് എയ്ഞ്ചല് ജാസ്മിനെ കൊലപ്പെടുത്തിയത് മാതാപിതാക്കള് ഒരുമിച്ചെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്ഡ് കുടിയാംശേരി വീട്ടില് എയ്ഞ്ചല് ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്.
മകളുടെ കഴുത്തില് അച്ഛന് തോര്ത്ത് മുറുക്കിയപ്പോള് അമ്മ കൈകള് പിന്നില് നിന്ന് പിടിച്ചുവച്ചുവെന്ന് പോലീസ് അറിയിച്ചു. കേസില് അമ്മ ജെസിമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്ക്കു പുറമേ അമ്മാവന് അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന് കൂട്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു.
ജാസ്മിനെ മരിച്ച നിലയില് കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യയെന്ന് വരുത്താന് മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില് കിടത്തുകയും ചെയ്തു. താന് തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല് കൂടുതല് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല് വിവരങ്ങള് പുറത്തറിയുന്നത്.
നിലവില് അമ്മാവന് അലോഷ്യസും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില് പിതാവ് ഫ്രാന്സിസിനെ (ജോസ്മോന്, 53) ബുധനാഴ്ച തന്നെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എയ്ഞ്ചല് സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലിയും മറ്റ് കാരണങ്ങളിലും വീട്ടില് തര്ക്കങ്ങള് ഉണ്ടാകുമായിരുന്നു. നാട്ടുകാരില് ചിലര് എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില് ഫ്രാന്സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്സിസ് ശകാരിച്ചു. ഇതു വാക്കുതര്ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്സിസ് എയ്ഞ്ചലിന്റെ കഴുത്തില് ഞെരിക്കുകയും തുടര്ന്ന് തോര്ത്തിട്ടു മുറുക്കുകയുമായിരുന്നു
“വീട്ടില് എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല് അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ”- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില് ഫ്രാന്സിസിന്റെ കുറ്റസമ്മതം. ഓട്ടോ ഡ്രൈവറായ ജോസ്മോന് സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചല് ജാസ്മിന് ലാബ് ടെക്നീഷ്യന് ആണ്. ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 12ന് ഓമനപ്പുഴ സെന്റ് ഫ്രാനസിസ് സേവ്യേഴ്സ് പള്ളിയില് സംസ്കരിക്കും. ഭര്ത്താവ്: പ്രഹിന് (മനു).
വിശ്വസിക്കാനാവാതെ നാട്ടുകാര്
ആരോടും ദേഷ്യപ്പെടുക പോലും ചെയ്യാത്ത ഫ്രാന്സിസ് എങ്ങനെ സ്വന്തം മകളെ കൊലപ്പെടുത്തുമെന്നാണു നാട്ടുകാര് ചോദിക്കുന്നത്. പകല് സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രി സെക്യൂരിറ്റി ജോലി ചെയ്തും ഇതിനിടയിലെ ഒഴിവു സമയങ്ങളില് ബോട്ടുകളില് സഹായിയായി പോയുമാണ് ഫ്രാന്സിസ് കുടുംബം പുലര്ത്തിയിരുന്നത്.
എയ്ഞ്ചല് ഭര്ത്താവുമായി പിണങ്ങി വീട്ടില് കഴിയുന്നത് സംബന്ധിച്ച തര്ക്കമായിരിക്കാം കൊലപാതകത്തില് കലാശിച്ചതെന്നാണു പ്രദേശവാസികള് പറയുന്നത്.