ജയ്പുർ: ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍.
രാജസ്ഥാനിലെ 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പോലീസിന്റെ പിടിയിലായത്. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പോലീസിന്റെ പിടിയിലായത്.
ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.
2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി.
1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
ഡല്‍ഹി, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളില്‍ ഏഴ് കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുരുഗ്രാം കോടതി വധശിക്ഷയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ വിവരം ഇന്നാണ് പോലീസ് പുറത്തുവിടുന്നത്.