ഇഴഞ്ഞിഴഞ്ഞ് ധോണി എങ്ങോട്ട്….

ഇങ്ങനെ ഇഴഞ്ഞ് എം.എസ്.ധോണിക്ക് എത്രകാലം ക്രിക്കറ്റിൽ തുടരാൻ കഴിയും. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഈ ധോണിയെയും കൊണ്ട് ഇംഗ്ലണ്ടിൽ ചെന്നാൽ വിരാട് കോഹ്ലിക്കും ടീം ഇന്ത്യയ്ക്കും ബാധ്യതയാകുമെന്ന് ഉറപ്പ്. സിഡ്നിയിലെ ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്സ് അതാണ് കാണിക്കുന്നത്.

രണ്ടു ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ, ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാൾ… വിശേഷണങ്ങൾ അങ്ങനെ ഒരുപാട് ചാർത്തിക്കിട്ടിയിട്ടുണ്ടെങ്കിലും ധോണി നിലവിൽ ടീമിനൊരു ബാധ്യതയാണ്. സിഡ്നിയിൽ നാല് റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായപ്പോഴാണ് ക്രീസിലെത്തിയതെങ്കിലും ധോണിയുടെ ടെസ്റ്റ് ഇന്നിംഗ്സിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.

പവർ പ്ലേ ഓവറുകളിൽ നിർദാക്ഷിണ്യം കൊട്ടിയ ധോണി ആദ്യ 36 പന്തിൽ നേടിയത് ആറ് റണ്‍സ് മാത്രം. പിന്നീട് നഥാൻ ലയണിനെതിരേ ഒരു സിക്സർ ഒക്കെ പറത്തിയെങ്കിലും വീണ്ടും അമിത പ്രതിരോധം എന്ന നിലയിലേക്ക് മടങ്ങി. മൂന്ന് ബൗണ്ടറികളും ഒരു സിക്സും അടക്കം 51 റണ്‍സ് നേടാൻ ധോണി നേരിട്ടത് 96 പന്തുകൾ (16 ഓവർ). ഓവറിൽ ആറ് റണ്‍സ് അടുത്ത് നേടേണ്ടിയിരുന്ന മത്സരത്തിലാണ് ധോണി ഇങ്ങനെയൊരു പ്രതിരോധം തീർത്തതെന്നതാണ് കൗതുകം.

വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ ടെസ്റ്റ് പരന്പരകളിൽ മിന്നുന്ന പ്രകടനം നടത്തിയ യുവതാരം ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണി ടീമിൽ സ്ഥാനം നിലനിർത്തുന്നത്. ബാറ്റ്സ്മാൻ ആയെങ്കിലും പന്തിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്ന എന്ന അഭിപ്രായമാണ് ക്രിക്കറ്റ് വിദഗ്ധർക്കുള്ളത്. ഇതിനെല്ലാം പുറമേ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടെസ്റ്റ് ടീമിൽ കടന്ന മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരും ടീം ഇന്ത്യയിലേക്ക് വിളി പ്രതീക്ഷിക്കുന്ന ശുബ്മാൻ ഗിൽ എന്ന യുവതാരവും പുറത്തിരിക്കുകയാണെന്നതും ഓർക്കണം.

ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്സിനെതിരേ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാലയാണ്. ഇനിയെങ്കിലും പടിയിറങ്ങൂ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. പ്രതാപകാലത്തെ നേട്ടങ്ങളെല്ലാം മറന്നാണ് ധോണിക്കെതിരേ ആരാധകരോഷം എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ തുടർന്നാൽ മുൻകാലങ്ങളിലെ ചില പ്രമുഖർ വിരമിച്ചതുപോലെ നാണംകെട്ട് പാഡഴിച്ചവരുടെ ഗണത്തിൽ ധോണിയും ഉൾപ്പെടും.

Related posts