രോഹിതിന്‍റെ പോരാട്ടം വെറുതെ; സിഡ്നിയിൽ ഇന്ത്യ തോറ്റു

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോൽവി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ രോഹിത് ശർമ മുന്നോട്ടു നയിച്ചെങ്കിലും വിജയ തീരത്തെത്തിക്കാൻ കഴിഞ്ഞില്ല. 50 ഓവറിൽ ഒൻപത് വിക്കറ്റിന് 254 റണ്‍സ് നേടാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 22-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 10 ഫോറും ആറ് സിക്സും പറത്തി 133 റണ്‍സ് നേടി.

ശിഖർ ധവാൻ (0), വിരാട് കോഹ്‌ലി (മൂന്ന്), അന്പാട്ടി റായിഡു (0) എന്നിവരെ നാല് റണ്‍സിനിടെ നഷ്ടമായ ഇന്ത്യയെ രോഹിത്-എം.എസ്.ധോണി സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റണ്‍സ് നേടി.
എന്നാൽ ഇഴഞ്ഞു നീങ്ങിയ ധോണിയുടെ ഇന്നിംഗ്സ് രോഹിതിനും പിന്നാലെ വന്ന ബാറ്റ്സ്മാൻമാർക്കും കടുത്ത സമ്മർദ്ദമുണ്ടാക്കി. 96 പന്തുകൾ നേരിട്ട ധോണി 51 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു.

ധോണിക്ക് ശേഷം ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുന്നത് തുടർന്നപ്പോഴും രോഹിത് തോൽവി പെട്ടന്ന് സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു. ദിനേശ് കാർത്തിക് (12), രവീന്ദ്ര ജഡേജ (എട്ട്) എന്നിവർ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടയിൽ പുറത്താവുകയായിരുന്നു. പിന്നാലെ രോഹിത് കൂടി വീണതോടെ ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. 29 റണ്‍സുമായി ഭുവനേശ്വർ കുമാറും പുറത്താകാതെ നിന്നു.

10 ഓവറിൽ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ജെയ്ൻ റിച്ചാർഡ്സണാണ് ഇന്ത്യയെ തകർത്തത്. റിച്ചാർഡ്സണ്‍ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് 50 ഓവറിൽ അഞ്ച് വിക്കറ്റിന് 288 റണ്‍സ് നേടി. പീറ്റർ ഹാൻഡ്സ്കോം (73), ഉസ്മാൻ കവാജ (59), ഷോണ്‍ മാർഷ് (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. അവസാന ഓവറുകളിൽ പൊരുതിയ മാർക്കസ് സ്റ്റോയിനസ് 43 പന്തിൽ 47 റണ്‍സോടെ പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനെ (ആറ്) വേഗത്തിൽ നഷ്ടമായെങ്കിലും ഓസീസ് പതറിയില്ല. 24 റണ്‍സ് നേടിയ അലക്സ് കാറിയെ കുൽദീപ് മടക്കിയ ശേഷം ഒത്തുകൂടിയ ഷോണ്‍ മാർഷ്-കവാജ സഖ്യമാണ് ഓസീസിനെ സുരക്ഷിത നിലയിൽ എത്തിച്ചത്. മൂന്നാം വിക്കറ്റിൽ സഖ്യം 92 റണ്‍സ് നേടി. നാലാം വിക്കറ്റിൽ മാർഷ്-ഹാൻഡ്സ്കോ സഖ്യം 53 റണ്‍സ് കുറിച്ചതും ഓസീസിന് തുണയായി.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം നേടി. ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Related posts