കൊച്ചി: നടിയെ ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഡിജിറ്റൽ തെളിവുകളുടെ ശേഖരണാർഥം സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന.
അഭിഭാഷകന്റെ ഓഫീസില്‍വച്ച് ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്നാണ് ഇന്നു രാവിലെ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വസതിയിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ പല നിർണായ തെളിവുകളും കണ്ടെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ദിലീപ് കോടതിക്ക് കൈമാറാത്ത വിവരങ്ങള്‍ സായ് ശങ്കറിന്റെ കൈയില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
കേസുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് നോട്ടീസും നൽകിയിട്ടുണ്ട്.
കേസ് ഇന്ന് കോടതിയിൽ
അതേസമയം വധ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഗൂഢാലോചനക്കേസില്‍ താന്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് പ്രതി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മൊബൈല്‍ ഫോണില്‍ തിരിമറി നടത്തിയെന്നും ഡാറ്റ നീക്കം ചെയ്തുവെന്നുമുള്ള പ്രോസിക്യൂഷന് വാദം തെറ്റാണെന്നാണ് ദിലീപ് പറയുന്നത്.
നീക്കിയത് സ്വകാര്യസംഭാഷണങ്ങള്‍
ഫോണുകളില്‍നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നയുടന്‍ ഇയാളുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ മൊബൈലുകളില്‍നിന്നു വീണ്ടെടുക്കാന്‍ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് മുംബൈയിലെ ലാബിലേക്ക് നല്‍കിയത്.
മൊബൈലുകളിലെ ഡാറ്റ നശിപ്പിക്കുകയല്ല, വീണ്ടെടുക്കുകയാണ് ചെയ്തത്. വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ഫോണുകള്‍ തിരികെ വാങ്ങാനാണ് ജനുവരി 30നു തന്റെ അഭിഭാഷകര്‍ പോയത്.
2017 നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചു വര്‍ഷത്തിലേറെ ഒരേ മൊബൈല്‍ ഫോണ്‍ സാധാരണ ആരും ഉപയോഗിക്കാറില്ല.
വാട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമായ നടപടി മാത്രമാണ്. കേസുമായി ഒരുതരത്തിലും ബന്ധമില്ലാത്തവരുമായി നടത്തിയ ചാറ്റുകളാണ് കളഞ്ഞതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
എന്നാല്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുള്ളത്.
ദാസനെ ഭീഷണിപ്പെടുത്തി
തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെയും മകനെയും ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയാണ് തനിക്കും അഭിഭാഷകനുമെതിരേ മൊഴി നല്കിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.
അനുകൂലമായി മൊഴി നല്കാന് അഭിഭാഷകര്‍ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
2020 ഡിസംബറില്‍ തന്റെ വീട്ടിലെ ജോലി അവസാനിപ്പിച്ച ദാസന് 2021 ലെ സംഭാഷണം എങ്ങനെ കേള്‍ക്കുമെന്നാണ് ദിലീപ് പറയുന്നത്.
ജനുവരി പത്തിന് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലേക്ക് ദാസനെ കൊണ്ടുവന്നെന്നാണ് മൊഴി. എന്നാല്‍ ഈ ദിവസങ്ങളില്‍ രാമന്പിളള കോവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്നു.
ആ സമയം അദ്ദേഹം ഓഫീസിലേക്കു പോയിരുന്നില്ലെന്നും ദിലീപിന്റെ സ്റ്റേറ്റ്മെന്റിലുണ്ട്.
കേസെടുത്തത് നിയമപരമായല്ലെന്ന്
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളടങ്ങിയ പെന്‍ഡ്രൈവിന് നിയമപരമായി ആധികാരികതയില്ല.
ശബ്ദം റിക്കാര്‍ഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുമില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത് നിയമപരമായല്ലെന്നാണ് ദിലീപിന്റെ വാദം.