10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ് ഈ വിവാഹജീവിതം നിലനിന്നുള്ളൂ. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം.
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്.
ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.
നൊമ്പരമായി താരയും മക്കളും
നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി നിമിഷ നേരം കൊണ്ട് നിലവിളിയും പുകയുമായത് ഓര്‍ക്കാനാവാതെ നാട്ടുകാര്‍. വിദേശത്തുനിന്ന് മക്കള്‍ക്ക് കളിപ്പാട്ടങ്ങളും പുത്തന്‍ ഉടുപ്പുകളുമായി എത്തുന്ന പിതാവിനെ കാണാതെ കണ്മണികള് യാത്രയായി. അവസാന നിമിഷവും അമ്മയും മക്കളും ഇണ പിരിയാതെ യാത്രയായി.
2025 ഏപ്രില്‍ 14നാണ് കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചത്. പുത്തന്‍കണ്ടത്തില്‍ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (ഏഴ്), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണം.
ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംക്ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യശ്രമം നടന്നത്. ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണന് സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലവിളിയും പുകയുമുയര്ന്നതിനെത്തുടര്ന്നു നാട്ടുകാര്‍ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 12 നു താര ഭര്‍ത്താവിന്റെ കുടുംബവീടായ കാട്ടില്ക്കടവിനു സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരന് കരുനാഗപ്പള്ളി പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു. വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭര്‍ത്താവ് സഹോദരനെ അറിയിച്ചിരുന്നു.
സഹോദരന് ഇക്കാര്യം കരുനാഗപ്പള്ളി പോലീസിനെ അറിയിച്ചു. പിന്നാലെ വനിതാസെല്ലില്‍ നിന്ന് പോലീസെത്തി താരയുമായി സംസാരിക്കുകയും ഭര്‍ത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നല്കിയാല് ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. ഇതിനുശേഷമാണ് താരയും മക്കളും ആത്മഹത്യ ചെയ്തത്.
താര ജി. കൃഷ്ണന്റെയും മക്കളായ അനാമികയുടെയും ആത്മികയുടെയും ദുരന്തത്തില്‍ വിങ്ങലോടെ കഴിയുകയാണ് നാട്. മൂത്ത കുട്ടി ഒന്നാം ക്ലാസുകാരി അനാമിക ഒന്നര വയസുള്ള ഇളയ കുട്ടിയെ തോളിലേറ്റിയാണു കളിപ്പിക്കുന്നത്. മിക്കപ്പോഴും ചേച്ചിയുടെ കൈയില്‍ അനുജത്തി കാണും. സ്കൂളില്‍ നിന്നെത്തിയാല്‍ ഇവര്‍ രണ്ടുപേരും മതില്കെട്ടിനുള്ളില് ഒരുമിച്ചു കളിക്കുന്നത് അയല്‍വാസികള്‍ക്കു പതിവു കാഴ്ചയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഒന്നര വര്‍ഷമായി ആദിനാട് കൊച്ചു മാംമൂട് ജംക്ഷന് സമീപമുള്ള വാടക വീട്ടില്‍ അമ്മയും മക്കളും താമസിക്കുന്നു. വളരെ ശാന്തമായിട്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികള്‍ റോഡിലൂടെ പോകുന്ന മിക്ക അയല്‍ക്കാരുമായും സൗഹൃദത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവ് ഗിരീഷ് ആനന്ദന് നാട്ടിലെത്തുന്ന വിവരം കുട്ടികള്‍ അയല്‍ക്കാരോട് പറയുമായിരുന്നു. വാടക വീട് ഒരു വര്‍ഷത്തേക്കു കൂടി വേണമെന്ന് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. ഗിരീഷ് വന്ന ശേഷം വീടിന്റെ വാടക കരാര്‍ പുതുക്കാനിരിക്കുകയായിരുന്നു. ഗിരീഷ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയോ, മറ്റൊരു വീട് നിര്‍മിച്ച് താമസിക്കാനോ ആയിരുന്നു മോഹം. എല്ലാ മോഹങ്ങളും ബാക്കിയാക്കി അമ്മയുടെയും മക്കളുടെ മരണം ആദിനാട് വടക്ക് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ഫസീലയുടെ വയറ്റില്‍ ചവിട്ടി
തൃശൂരിലെ വെള്ളാങ്ങല്ലൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഫസീല എന്ന 23 വയസുള്ള ഗര്‍ഭിണി ആത്മഹത്യ ചെയ്തിട്ടു ദിവസങ്ങള്‍ മാത്രം. ഭര്‍ത്താവ് നൗഫലില്‍ (29), ഭാര്യാമാതാവ് റംല എന്നിവരില്‍ നിന്ന് ദീര്‍ഘകാലമായി ശാരീരികവും മാനസികവുമായ പീഡനം സഹിച്ചതിനെ തുടര്‍ന്ന് ജൂലൈ 29 ചൊവ്വാഴ്ചയാണ് സംഭവം.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, താന്‍ നേരിട്ട അതിക്രമങ്ങള്‍ വിവരിച്ച് ഫസീല അമ്മയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയാണെന്നു ഫസീല വെളിപ്പെടുത്തിയതായും നൗഫല്‍ തന്റെ വയറ്റില്‍ ചവിട്ടുകയും കൈകള്‍ ഒടിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നതായും സ്ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു.
അമ്മായിയമ്മയില്‍ നിന്ന് നിരന്തരമായി അധിക്ഷേപം ഉണ്ടായതായും അവര്‍ ആരോപിച്ചു. ‘ഞാന്‍ മരിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ അവര്‍ എന്നെ കൊല്ലും. അവള് തന്റെ അവസാന സന്ദേശങ്ങളിലൊന്നില്‍ എഴുതി. ഒന്നര വര്‍ഷം മുമ്പാണ് ഫസീല നൗഫലിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് 10 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
(തുടരും)