രോഗികളിൽനിന്ന് രണ്ടുരൂപ മാത്രം ഫീസ് ഈടാക്കി പരിശോധിക്കുന്നൊരു ഡോക്ടർ കണ്ണൂരിൽ ഉണ്ട്. അരനൂറ്റാണ്ടോളം അദ്ദേഹം രോഗികളിൽനിന്ന് വെറും രണ്ട് രൂപ മാത്രമേ വാങ്ങാറുള്ളായിരുന്നു. എ. കെ. രൈരു ഗോപാൽ ആണ് കണ്ണൂർക്കാരുടെ സ്വന്തം രണ്ട് രൂപ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായും നൽകിയിരുന്നു ഇദ്ദേഹം.
എ. കെ. രൈരു ഡോക്ടർ ഇനി ഓർമകളിൽ. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.
പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. മുന്പ് തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്.
താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു.
അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ.