പോലീസ് പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുടിയന്മാർ മദ്യക്കുപ്പികൾ കൈവശപ്പെടുത്താൻ എത്തിയത് കൗതുക കാഴ്ചയായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് അസാധാരണ സംഭവമുണ്ടായത്.
50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂര്‍ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാര്‍ഡില്‍ പോലീസ് നശിപ്പിച്ച് കളയാന്‍ ശ്രമിച്ചത്. 24,000 മദ്യക്കുപ്പികളുണ്ടായിരുന്നു. കുപ്പികള്‍ നിരത്തിവച്ച് ബുള്‍ഡോസര്‍ കയറ്റിയിറക്കാനായിരുന്നു തീരുമാനം.
മദ്യക്കുപ്പികള്‍ നിരത്തി മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ജനക്കൂട്ടം പാഞ്ഞെത്തി കുപ്പികളെടുത്ത് ഓടാൻ തുടങ്ങി. ചിലര്‍ ഒരെണ്ണംകൊണ്ടു തൃപ്തിപ്പെട്ടപ്പോൾ മറ്റു ചിലര്‍ മൂന്നും നാലും ബോട്ടിലുകളെടുത്ത് പാഞ്ഞു. പോലീസുകാര്‍ക്ക് ചിലരെ തടയാന്‍ കഴിഞ്ഞെങ്കിലും നിരവധിപ്പേര്‍ മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞു. അതിനിടെ പോലീസും കുടിയന്മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചില പോലീസുകാര്‍ക്ക് സാരമായ പരിക്കുമേറ്റു. ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.