വന്നിറങ്ങിയിടത്തു നിന്ന് അനങ്ങാനാവാതെ തൃപ്തിയും കൂട്ടരും! അമ്പത് വയസ് കഴിയാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പ്രതിഷേധക്കാര്‍; തൃപ്തി ദേശായിയും പ്രതിഷേധക്കാരും തമ്മിലുള്ള വടംവലിയ്ക്കിടെ ട്രോള്‍ മലയൊരുക്കി സോഷ്യല്‍മീഡിയ

ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായിയും കൂട്ടരും, പ്രതിഷേധക്കാരുടെ വാക്ക് കേട്ട് മടങ്ങിപ്പോവില്ല എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാതെ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ശരണം വിളികളുമായി ഭക്തരും ഭക്തസംഘടനകളും നിലയുറപ്പിച്ചിട്ടും, പുറത്തെ അവസ്ഥയെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പിന്തിരിയാന്‍ തയാറാവാതെ മല കയറിയേ മടങ്ങു എന്നാണ് തൃപ്തി അറിയിക്കുന്നത്.

ഇതേസമയം, ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയരുകയായിരുന്നു. മലകയറാനായി രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയെന്നുളള തൃപ്തിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായി ഗോബാക്ക് പറഞ്ഞുകൊണ്ടുളള മുദ്രവാക്യമാണ് കുറിക്കപ്പെടുന്നത്.

ഇതിനെല്ലാം പുറമേ, തൃപ്തിയുടെ പിടിവാശിയും പ്രതിഷേധക്കാരുടെ വിട്ടുവീഴ്ചയില്ലായ്മയും പോലീസിന്റെ നിസഹായാവസ്ഥയും ചേര്‍ത്ത് ട്രോള്‍ ഒരുക്കുകയാണ് സോഷ്യല്‍മീഡിയയില്‍ മറ്റൊരു കൂട്ടര്‍. തൃപ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളും കമന്റുകളും ഒഴുകുകയാണ് നവ മാധ്യമങ്ങളില്‍. അനേകം വിപ്ലവകരമായ നീക്കങ്ങള്‍ നടത്തിയിട്ടുള്ള തൃപ്തിയ്ക്ക് ഇത് ആദ്യത്തെ അനുഭവമായിരിക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. തൃപ്തിയുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ കാണണമെങ്കിലും ട്രോള്‍ മലയൊരുക്കുകയാണ് സോഷ്യല്‍മീഡിയ.

Related posts