ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു ‘സാധനം’ വാങ്ങാനുള്ള ആവേശം പണിയായി ! ഇരുചക്ര വാഹനം വെച്ച സ്ഥലം മറന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

മദ്യപാനം ദിവസേന നിരവധി ആളുകളെയാണ് കുഴപ്പത്തിലാക്കുന്നത്. വാഹനം മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്, വാഹനം കണ്ടെത്തിയപ്പോഴാണ് യഥാര്‍ഥ വില്ലനെ തിരിച്ചറിഞ്ഞത്.

മദ്യം വാങ്ങാന്‍ പോയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.

മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്.

മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം ഇയാള്‍ മറക്കുകയായിരുന്നു. പിന്നീട് പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും വാഹനം കണ്ടെത്താന് സാധിച്ചില്ല. മദ്യപിച്ച് ഉന്മത്തനായ ഇയാളുടെ മനസ്സിലേക്ക് വാഹനം മോഷണം പോയി എന്ന ചിന്ത ഇതോടെ കടന്നു വരികയായിരുന്നു.

തുടര്‍ന്ന് വാഹനം മോഷണം പോയതായി ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ താക്കോല്‍ ഉള്‍പ്പെടെ വാഹനം കണ്ടെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം യുവാവിനു മനസ്സിലായത്.

എന്നാല്‍, പൊലീസ് വാഹനം വിട്ടുകൊടുത്തില്ല. മോഷണംപോയി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു. രേഖകള്‍ ഹാജരാക്കിയാല്‍ വാഹനം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ പൊലീസ് വിട്ടത്. എന്തായാലും മദ്യത്തിന്റെ ഓരോരോ ലീലകള്‍ എന്നല്ലാതെ എന്തു പറയാന്‍.

Related posts

Leave a Comment