വണ്ടിത്താവളം : അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് അപകടാവസ്ഥയിലായ പരുന്തിന് രക്ഷകനായി തട്ടുകടക്കാരൻ.
ഇന്നലെ ഉച്ചയ്ക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലുള്ള പ്രധാന പാതയിലാണ് പരുന്തു കുഴഞ്ഞു വീണത്.
മീനാക്ഷിപുരം-പാലക്കാട് പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ ഇടതടവില്ലതെ സഞ്ചരിക്കുന്ന പാതയിലാണ് പരുന്ത് ചലനമറ്റ നിലയിൽ കിടന്നത്.
സഹതാപം തോന്നിയ തട്ടുകട നടത്തിപ്പുകാരൻ ഷണ്മുഖൻ പരുന്തിനെ റോഡരികിലെ തണലിലേക്ക് മാറ്റി വെള്ളം കൊടുത്തു.
അൽപ്പനേരത്തിനു ശേഷം പരുന്ത് കണ്ണുതുറന്നെങ്കിലും പറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.വിവരം അറിയിച്ചതിനെ തുടർന്നു കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസിൽ നിന്നും പി.എസ്. മണിയൻ, ആർ. സൂര്യ പ്രകാശ് എന്നിവർ സ്ഥലത്തെത്തി പരുന്തിനെ കൊണ്ടുപോയി.
വെറ്റിനറി ഡോക്ടറെ കാണിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിൽ വിടുമെന്നും വനപാലകർ അറിയിച്ചു.
മറ്റു പറവകളിൽ നിന്നും പരുന്തിന് പ്രതിരോധ ശക്തി കൂടുതലുണ്ടായിട്ടും കുഴഞ്ഞു വീണത് അമിത ചൂടുതന്നെയാവുമെന്നാണ് കരുതുന്നത്.
ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി താലൂക്കിലുടനീളം കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.