ടോക്കിയോ/ന്യൂയോർക്ക്: റഷ്യയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ ഭൂകന്പം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇന്നു പുലർച്ചെ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വടക്കൻ പസഫിക് മേഖലയിൽ സുനാമിക്ക് കാരണമായി. റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാനിലെ ഫുകുഷിമ ആണവനിലയം ഒഴിപ്പിച്ചു. പസഫിക് മേഖലയിൽ 2011ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകന്പങ്ങളിലൊന്നാണ് അനുഭവപ്പെട്ടത്.
180,000ലേറെ ജനസംഖ്യയുള്ള റഷ്യൻ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽനിന്ന് ഏകദേശം 119 കിലോമീറ്റർ (74 മൈൽ) കിഴക്ക്-തെക്കുകിഴക്കായി കംചത്ക ഉപദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 6.9 തീവ്രതയുള്ള ഒന്നിലധികം തുടർചലനങ്ങളും രേഖപ്പെടുത്തി.
ഭൂകന്പത്തിനു പിന്നാലെ നാലു മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. അലാസ്ക, ഹവായ്, ന്യൂസിലാൻഡിന്റെ തെക്ക് ഭാഗത്തുള്ള മറ്റു തീരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ പ്രധാന ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള ഹോക്കൈഡോയുടെ തെക്കൻ തീരത്തുള്ള ടോകാച്ചിയിൽ 40 സെന്റിമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ കണ്ടതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള റഷ്യൻ പ്രദേശങ്ങളായ കാംചത്ക ഉപദ്വീപിൽ വൻ നാശമുണ്ടായി. മേഖലയിൽനിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.
റഷ്യയിലെ കുറിൽ ദ്വീപുകളിലെ പ്രധാന ജനവാസ കേന്ദ്രമായ സെവേറോ-കുറിൽസ്കിന്റെ തീരപ്രദേശത്താണ് ആദ്യം സുനാമി തിരമാലകൾ ആഞ്ഞടിച്ചതെന്ന് പ്രാദേശിക ഗവർണർ വലേരി ലിമരെങ്കോ പറഞ്ഞു. പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ, വാഷിംഗ്ടൺ സംസ്ഥാനം, കാലിഫോർണിയ തുടങ്ങിയ പടിഞ്ഞാറൻ തീരത്തിന്റെ ഭൂരിഭാഗവും സുനാമി മുന്നറിയിപ്പിൽ ഉൾപ്പെടുന്നു. ജപ്പാൻ സമയം രാവിലെ 8:25ന് ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത പ്രാഥമികമായി 8.0 ആയിരുന്നുവെന്ന് ജപ്പാനും യുഎസ് ഭൂകമ്പ ശാസ്ത്രജ്ഞരും പറഞ്ഞു. യുഎസ് ജിയോളജിക്കൽ സർവേ പിന്നീട് തീവ്രത 8.8 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 20.7 കിലോമീറ്റർ (13 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറഞ്ഞു.
പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിലെ തെരുവുകളിൽ കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു, വൈദ്യുതി തടസവും മൊബൈൽ ഫോൺ സേവന തടസവും ഉണ്ടായി. കാംചട്കയിൽ നിരവധി പേർ വൈദ്യസഹായം തേടിയതായി പ്രാദേശിക ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ പറഞ്ഞു. എന്നാൽ ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
2011 മാർച്ചിൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ലോകത്തിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പസഫിക് തീരത്തുള്ള ജാപ്പനീസ് ആണവനിലയങ്ങൾക്കു തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ടില്ല. എന്നാൽ, ആണവനിലയങ്ങൾക്കുള്ള നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഫിലിപ്പീൻസിന്റെ കിഴക്കൻ തീരത്തുള്ള പ്രവിശ്യകളിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങളിൽ ശക്തവും അസാധാരണവുമായ പ്രവാഹങ്ങളും പ്രവചനാതീതമായ തിരമാലകളും ഉണ്ടാകുമെന്ന് ന്യൂസിലൻഡ് അധികൃതർ മുന്നറിയിപ്പ് നൽകി.
റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ കണക്കനുസരിച്ച്, 1952ന് ശേഷം കാംചത്ക ഉപദ്വീപിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഒരു മാസം വരെ നീണ്ടുനിൽക്കുന്ന തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങൾ സന്ദർശിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ജൂലൈ ആദ്യം കംചത്കയ്ക്ക് സമീപമുള്ള കടലിൽ അഞ്ച് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും വലുത്. 1952 നവംബർ നാലിന് കാംചത്കയിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വൻ നാശംവിതച്ചിരുന്നു.