നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്.
മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി.
പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു. 11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു വിധി. വിദ്യാർഥിനികളാണു ശരിയെങ്കിൽ അപ്പീൽ പോകട്ടെ. അല്ലെങ്കിൽ കുട്ടിനേതാക്കളും ഒത്താശ ചെയ്ത മൂത്ത നേതാക്കളും അധ്യാപകന്റെ കാലിൽ വീഴണം. ലോകത്തെ ഏറ്റവും പവിത്രമായ തൊഴിലിൽ വ്യാപരിക്കവേ, സഹ അധ്യാപകനെ ചതിക്കാൻ കൂട്ടുനിന്ന അധ്യാപകരും കൂടെ പോകട്ടെ. നിങ്ങളാദ്യം മനുഷ്യരാകണം; എന്നിട്ടാകാം നാടുനന്നാക്കൽ.
പരീക്ഷാഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി. ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു.
രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു വർഷം തടവും 5,000 രൂപ പിഴയും ചുമത്തി. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ വെറുതേ വിട്ടത്. വ്യാജപരാതിക്ക് കോളജ് പ്രിൻസിപ്പലുൾപ്പെടെ കൂട്ടു നിന്നു.
പെൺകുട്ടികളുടെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി നിരപരാധിയെ കുറ്റക്കാരനാക്കിയ പോലീസിനെയും കോടതി വിമര്‍ശിച്ചു. എന്തു കാര്യം! സ്വന്തം വിദ്യാർഥിനികളെ പീഡിപ്പിച്ച ഗുരുനാഥനെന്ന അപമാനവും പേറി 11 വർഷം നരകിക്കേണ്ടിവന്നു. വിശ്വനാഥൻ കോൺഗ്രസ് അധ്യാപക സംഘടനയിൽ അംഗമായിരുന്നതാവാം കുടുക്കാനുള്ള മറ്റൊരു കാരണം.
മൂന്നാറിലെ സിപിഎം ഓഫീസിൽവച്ച് പരാതി തയാറാക്കിയെന്നായിരുന്നു ആരോപണം. പക്ഷേ, പാർട്ടിക്കൊരു ബന്ധവുമില്ലെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ന്യായീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും മർദനവും നടത്തി മരണത്തിലേക്കു പറഞ്ഞുവിട്ടപ്പോഴും പാർട്ടിക്ക് ന്യായങ്ങളുണ്ടായിരുന്നു!
ഈ കേസിനു മറ്റൊരു ഗൂഢാലോചനയുടെ പശ്ചാത്തലവുമുണ്ട്. എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്‍വീനറായി താൻ പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്കു നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോടു പറഞ്ഞു.
“ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയത്. ഭാര്യയും മൂന്നു മക്കളും ഒപ്പം നിന്നു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെത്തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായത്.” 2021ൽ ചിറ്റൂർ ഗവൺമെന്റ് കോളജിൽനിന്നു പ്രിൻസിപ്പലായിട്ടാണ് വിശ്വനാഥൻ വിരമിച്ചത്.
സ്ത്രീകൾ സ്വന്തം മാനത്തെക്കുറിച്ചു നുണ പറയില്ലെന്ന നിഗമനത്തിലാണ് പീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കു കോടതികൾ പ്രാധാന്യം കൊടുത്തത്. പക്ഷേ, അത്തരം സങ്കൽപങ്ങളെയൊക്കെ ചവിട്ടിത്തേച്ചും യഥാർഥ പീഡനക്കേസുകളിലെ ഇരകളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇടയാക്കിയുമാണ് ഈ പാർട്ടി വിദ്യാർഥിനികളുടെ വ്യാജ പീഡനക്കേസ്. ഇത്തരം വ്യാജപരാതിക്കാർ മറഞ്ഞിരിക്കാൻ പാടില്ല; കേസെടുക്കണം.
11 വർഷം സ്വന്തം അധ്യാപകനെ കല്ലെറിയാൻ നിർത്തിയ വിദ്യാർഥിനികളും പാർട്ടിനേതാക്കളും രാഷ്ട്രീയതിമിരം ബാധിച്ച സഹ അധ്യാപകരും വിചാരണ ചെയ്യപ്പെടണം; ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുഷ്കിൽ അവരിനിയും ഗുരു-ശിഷ്യ ബന്ധത്തെയും നിയമസംവിധാനത്തെയും വരെ ദുരുപയോഗിക്കാൻ ശ്രമിക്കും.