പരാജയപ്പെട്ടവന്റെ നെഞ്ചത്തടിയാണ് കോൺഗ്രസിന്റെ വോട്ടു തട്ടിപ്പാരോപണം എന്നു പരിഹസിച്ച് ഇനി ബിജെപിക്കു പിടിച്ചുനിൽക്കാനാകില്ല. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞത് വോട്ടർ പട്ടികയിലെ വ്യാജ കൂട്ടിച്ചേർക്കലുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ്.
ആക്ഷേപിക്കുന്നതല്ലാതെ കൃത്യമായ മറുപടി കേന്ദ്രത്തിൽനിന്നോ അവർ നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ഉണ്ടായിട്ടില്ല. രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ വൈകരുത്. അല്ലെങ്കിൽ മറുപടിയുണ്ടാകണം. ജനം ചതിക്കപ്പെട്ടോയെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്നുമുള്ള ചോദ്യത്തിനുത്തരം ‘പപ്പുവിളി’യല്ല.
എഐസിസി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിലാണ് രാജ്യത്തെ നടുക്കിയ വ്യാജവോട്ട് വിവരങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും ആവശ്യമായ ഡിജിറ്റൽ വീഡിയോ രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകാതിരുന്നതിനാൽ കെട്ടുകണക്കിനു കടലാസുരേഖകൾ വച്ച്, സംശയമുള്ള മണ്ഡലങ്ങളിൽ ഒന്നായ കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ പരിശോധന നടത്തിയെന്നാണ് കോൺഗ്രസ് പറഞ്ഞത്.
ബിജെപി സ്ഥാനാർത്ഥി പി.സി. മോഹന്‍ വിജയിച്ച ബംഗളൂരു സെന്‍ട്രൽ ലോക്സഭാ മണ്ഡലത്തിലാണ് മഹാദേവപുര. മഹാദേവപുരയിലെ പരിശോധനയ്ക്ക് ആറുമാസം വേണ്ടിവന്നു. ഒരൊറ്റ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളുടെ കണക്കു കേട്ട് ജനം തരിച്ചിരിക്കുകയാണ്. 32,707 വോട്ടിന്റെ ഭൂരിപക്ഷമാണ് ബംഗളൂരു സെന്‍ട്രലിൽ ബിജെപിക്ക് കിട്ടിയത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകളില്‍ ക്രമക്കേട് നടന്നത്രേ. ഈ മണ്ഡലത്തിൽ 2009ലെ 9,604 വോട്ടിന്റെ ഭൂരിപക്ഷമാണ് 2024ല്‍ 1,14,046 ആയി ഉയര്‍ന്നത്.
ഒരേ വോട്ടർമാരുടെ പേരും വിലാസവും നാലു തവണവരെ ആവർത്തിക്കുന്ന വോട്ടർപട്ടികയുടെ പകർപ്പ് അടക്കമുള്ള തെളിവുകൾ രാഹുൽ പ്രദർശിപ്പിച്ചു. പലർക്കും വീട്ടുനന്പരില്ല. ചിലരുടെ വീട്ടുനന്പർ പൂജ്യമാണ്. ഒരു മുറിയുടെ വിലാസത്തിൽ 80 വോട്ടർമാർ വരെയുണ്ട്. പക്ഷേ, പരിശോധനയിൽ അവിടെയെങ്ങും ആരുമില്ല.
40,009 തെറ്റായ വിലാസങ്ങൾ കണ്ടെത്തി. വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങള്‍ മാത്രം. എഴുപതും എണ്‍പതും വയസുള്ള കന്നിവോട്ടര്‍മാരാണ് മറ്റൊരു കൗതുകം. ആരോപണങ്ങൾ ശരിയാണെങ്കിൽ കള്ളവോട്ട് എന്നതിനപ്പുറം കള്ള വോട്ടേഴ്സ് ലിസ്റ്റ് എന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും.
രാഷ്ട്രീയശൈലിയിൽ പരിഹാസം നടത്തുന്നതല്ലാതെ ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ടുകളെക്കുറിച്ചു വിശദീകരണം നൽകാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. ചോദ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയാണെങ്കിലും അതിപ്പോൾ ജനങ്ങളുടെ ചോദ്യമായി മാറി. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്തുകൊണ്ടാണ്? ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ കൊടുക്കാത്തത് എന്ത്? വോട്ടേഴ്സ് ലിസ്റ്റിൽ ഇത്ര വ്യാപകമായ തിരിമറി ഉണ്ടായതെങ്ങനെ?… ചോദ്യങ്ങൾ ഉത്തരം തേടുകയാണ്.
മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിലുള്ള തെരഞ്ഞെടുപ്പു തട്ടിപ്പ് നടന്നതായും രാഹുൽ ആരോപിച്ചു. മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷത്തിനിടെ ചേര്ത്തവരേക്കാള് കൂടുതല്‍പേരെ അഞ്ചു മാസംകൊണ്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. അങ്ങനെ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. പോളിംഗ് അഞ്ചുമണിക്കുശേഷം കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ വോട്ടര്‍പട്ടിക നല്കാന് തെരഞ്ഞെടുപ്പു കമ്മീഷന് തയാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ നല്കാതിരിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് നിയമങ്ങള്‍ മാറ്റി.
45 ദിവസം കഴിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞു. 2024ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകളേ മോഷ്ടിക്കേണ്ടിവന്നുള്ളൂവെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,000ത്തിൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ ബിജെപി നേടിയെന്നുമാണ് രാഹുലിന്റെ ആരോപണം. ആരോപണങ്ങൾ ശരിയാണെങ്കിൽ, ഇന്ത്യയിൽ ജനാധിപത്യത്തിനു കാവലേർപ്പെടുത്തേണ്ട സ്ഥിതിയായിരിക്കുന്നു. അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് രാഷ്ട്രീയ താത്പര്യങ്ങളുള്ള ചിലതൊഴിച്ച് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ഈ വെളിപ്പെടുത്തലിനു വലിയ പ്രാധാന്യം കൊടുത്തത്.
സുതാര്യമായ വോട്ടെടുപ്പില്ലെങ്കിൽ ജനാധിപത്യമില്ല. തന്റെ ഭരണകൂട നിർണയാവകാശമാണ് വോട്ടെന്നു കരുതി ഞെളിഞ്ഞുനിൽക്കുന്ന പൗരന്റെ നേരേ ചൂണ്ടിയ തോക്കാണ് കള്ളവോട്ട്. രാഹുലിന്റെ കളിത്തോക്കാണോ ഭരണകൂടത്തിന്റെ നിറതോക്കാണോ തങ്ങൾക്കു നേരേ ചൂണ്ടിയിരിക്കുന്നതെന്നു ജനം അറിയണം. നമ്മുടെ ജനാധിപത്യം വ്യാജമല്ലെന്നും അധികാരം പിൻവാതിലിലൂടെയല്ലെന്നും എത്രയും വേഗം തെളിയിക്കൂ.