കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്.
പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്. അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം.
കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ മൂന്ന് എന്നിങ്ങനെയാണ് പന്നികളുടെ ജഡം കണ്ടത്. എന്നാൽ, ഇതിന്റെ മൂന്നിരട്ടി എണ്ണമെങ്കിലും പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയപ്പെടുന്നുണ്ട്. ആറളം ഫാമിൽ വനത്തോടു ചേർന്ന് എട്ടു പന്നികളുടെ ജഡം ഇന്നലെ കണ്ടെത്തി. വനത്തിനുള്ളിലും ജഡം കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്തുനിന്ന് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ വനംവകുപ്പ് ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടിട്ടില്ല. ആന്ത്രാക്സോ പന്നിപ്പനിയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതു മനുഷ്യരിലേക്ക് പകരില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്ന് കർശന നിലപാടെടുക്കുന്നവരാണ് ഇത്രവലിയ അലംഭാവം കാണിക്കുന്നത്. കാട്ടുപന്നികൾ ചാകുന്നത് എന്തെങ്കിലും രോഗബാധ മൂലമാണെങ്കിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മറവു ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ വലിയതോതിൽ ജനവാസമുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടുപന്നികൾ ചാകുന്നത്. ഇത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. മഴക്കാലമായതിനാൽ ജലസ്രോതസുകൾ മലിനപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
കാട്ടുപന്നികളെ ബാധിച്ചിരിക്കുന്ന രോഗം വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും കണക്കിലെടുക്കണം. ക്ഷീരകർഷകരും പന്നി വളർത്തി ഉപജീവനം സാധ്യമാക്കുന്നവരും മലയോര മേഖലയിൽ നിരവധിയുണ്ട്. അതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം.മറ്റൊരു വിരോധാഭാസമുള്ളത്, എവിടെയെങ്കിലും വളർത്തുപന്നികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ച്, വളർത്തുപന്നികളെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കി മറവു ചെയ്യാൻ നിർദേശിക്കുന്നവരാണ് കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു ജാഗ്രതയും കാട്ടാത്തത് എന്നതാണ്.
വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. കാട്ടുപന്നികളുടെ ജഡം കണ്ടതായി അറിയിച്ചാൽപോലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണ്ടത്ര ജാഗ്രതയോടെ സാമ്പിൾ ശേഖരിക്കാനോ അപകടരഹിതമായി മറവുചെയ്യാനോ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഗൗരവത്തിലെടുക്കണം. കണ്ണൂർ ജില്ലാ കളക്ടർ വിഷയത്തിലിടപെടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയതും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടി അനിയന്ത്രിതമായ വംശവർധന തടയണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും വനംവകുപ്പുമാണ് ഇവിടെയും പ്രതിസ്ഥാനത്തു വരുന്നത്.